Tuesday, June 23, 2009

5 രൂപയുടെ സോഷ്യലിസം

"സമത്വസുന്ദരമായ ലോകം" അതൊരു സ്വപനലോകം മാത്രമല്ലേ സുഹൃത്തേ?......

കോഫീ ഹൗസിലെ ഹാളില്‍ പ്രസാദിന്റെ ശബ്ദം മുഴങ്ങിക്കേട്ടു. ചൂടു കാപ്പി ഒരു കവിള്‍കൂടി മൊത്തിക്കുടിച്ച് ചുറ്റുപാടുമുള്ളവരെ ഒന്നു നിരീക്ഷിച്ച ശേഷം വീണ്ടും തുടര്‍ന്നു....

ഒരാളിനു മറ്റോരാള്‍ക്കു പകരമാവാന്‍ ആവില്ല എന്നപോലെ തന്നെ, ഒരാളും മറ്റോരാളിനു തുല്യനല്ല. കരുത്തിലും കഴിവിലും ഒരുപോലെയുള്ള രണ്ടാളുകളെ ഒരിക്കലും കണ്ടെത്താന്‍ ആവില്ല. എന്നിട്ടും നിങ്ങള്‍ സോഷ്യലിസത്തിനായി വാദിക്കുന്നു.

പണം എങ്ങിനെയാണ് ചിലരുടെ മാത്രം കൈകളില്‍ എത്തിച്ചേരുന്നത്?നിങ്ങള്‍ പറയുന്നു ചൂഷണം ചെയ്തിട്ടാണെന്ന്‍..... വിഭവങ്ങള്‍ കൊള്ളയടിച്ചിട്ടാണെന്ന്‍... എന്നാല്‍ ഞാന്‍ പറയുന്നു അത് ബുദ്ധിയുടെ, കഴിവുകളുടെ ഫലപ്രദമായ ഉപയോഗം കൊണ്ടാണെന്ന്‍.... കഴിവുകള്‍ക്കു കിട്ടുന്ന അംഗീകാരത്തെ മനുഷ്യന്‍ സമ്പത്തുണ്ടാക്കുവാന്‍ ആണു ഉപയോക്കുന്നത്. മിടുക്കനായ ഡോക്ടര്‍, മികച്ച ഗായകന്‍, വ്യവസായി എല്ലാവരും അവരുടെ കഴിവുകള്‍ക്കു ലഭിക്കുന്ന സ്വീകാര്യതയെ പണമായി മാറ്റിയെടുക്കുന്നു. യേശുദാസും ടെന്‍ഡുല്‍ക്കറും വിജയ് മല്യയും അംബാനിയും എല്ലാം ഇതു തന്നെയാണു ചെയ്യുന്നത്......

ഒരു കാപ്പിയും കൂടി പറയം അല്ലേ? ചോദ്യം എന്നോടാണ്.ആവാം.... ഞാന്‍ ആംഗ്യഭാഷയില്‍ വെയിറ്ററെ കാര്യം ധരിപ്പിച്ചു.

ആവേശം ചോര്‍ന്നു പോകാതെ പ്രസാദ് തുടര്‍ന്നു....കഴിവില്ലാത്തവനു പണം കൊടുത്തിട്ട് യാതൊരു പ്രയോജനവുമില്ല. അവനു ആശയങ്ങള്‍ കൊടുത്തിട്ടും കാര്യമില്ല. പണം ഉപയോഗിക്കാന്‍ അവനറിയില്ല, ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും. അശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അറിയുമായിരുന്നെങ്കില്‍ വിദ്യാഭ്യാസമുള്ളവരില്‍ ഇത്രയേറെ തൊഴില്‍രഹിതര്‍ ഉണ്ടാകുമായിരുന്നില്ലല്ലോ................ ഒന്നുകില്‍ വിദ്യാഭ്യാസം അവരില്‍ ആശയങ്ങള്‍ സൃഷ്ടിക്കുന്നില്ല, അല്ലെങ്കില്‍ അവര്‍ക്ക് ആശയങ്ങളെ തൊഴിലാക്കിമാറ്റാന്‍ കഴിയുന്നില്ല. ................ പണമില്ല എന്നോരു മുട്ടായുക്തി പലരും പറയും. പക്ഷെ, ആ പറയുന്ന ആള്‍ക്കാരുടെ അതേ സാമ്പത്തിക ചുറ്റുപാടില്‍ നിന്നും എത്രയോപേര്‍ ജീവിത മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നു? അപ്പോള്‍ പണവും ആശയവുമല്ല....... അവര്‍ക്ക് കൊടുക്കേണ്ടത് തൊഴിലാണ്.

രണ്ടാമത്തെ കാപ്പി കുടിച്ചു തീര്‍ത്ത ശേഷം, എന്‍ടെ കപ്പില്‍ ബാക്കിയിരുന്ന അര ഗ്ലാസ്സ് കൂടി സ്വന്തം കപ്പിലേക്ക് ഒഴിച്ചെടുത്ത്, ഒരുചെറിയ ചിരിയോടേ വീണ്ടും തുടര്‍ന്നു...

"തൊഴില്‍" എങ്ങനെ ഉണ്ടാകും?

കഴിവുള്ളവര്‍ തൊഴിലുടമകളായി തൊഴിലുകള്‍ സൃഷ്ടിക്കും. മുതലു കൈകാര്യം ചെയ്യാന്‍ അറിയുന്ന അവരെ നിങ്ങള്‍ മുതലാളി എന്നു വിളിക്കും. തൊഴിലുണ്ടാക്കി തരുന്നവരെ, സര്‍ക്കാരിനു നികുതി കൊടുക്കുന്നവരെ......... ചുരുക്കം പറഞ്ഞാല്‍ പണം കൈവശമുള്ളവരെ ശത്രുക്കളായി കാണുന്നതാണു ഇന്നത്തെ തൊഴിലാളിയുടെ രീതി. കിട്ടുന്ന അവസരങ്ങളിലൊക്കെ പരമാവധി കൂലി കൈക്കലാക്കുക എന്ന രീതി അവര്‍ക്കിന്ന്‍ ചൂഷകരുടെയും ഗുണ്ടകളുടെയും ഇമേജ് കൊടുത്തിരിക്കുന്നു....

ഒരു ചുവപ്പന്‍ പത്രത്തിലെ സ്ഥിരം എഴുത്തുകാരനു ഉണ്ടായ കാലികമായ മാറ്റമാണോ ഇതെന്നുള്ള്‍ സംശയം മനസ്സിലിട്ടുകൊണ്ടുതന്നെ ബില്ലു പേ ചെയ്ത് പുറത്തിറങ്ങി. മഴകാരണം വഴിയില്‍ ഓട്ടോറിക്ഷകളൊന്നും കാണുന്നില്ല. ലോഡ്ജ് വരെ കക്ഷി എന്നോടൊപ്പം ഉണ്ടാകും. മാസത്തില്‍ ഒരു തവണയെങ്കിലും വൈകുന്നേരം ഓഫീസില്‍ വന്ന്‍ എന്നെ കാണുന്നതിന് കാശുമുടക്കാതെ കാപ്പികുടിക്കുക ബസ് ചാര്‍ജ്ജ് ലാഭിക്കുക എന്നതു മാത്രമല്ല എന്നെ ഇരുത്തി കത്തിവെക്കുക എന്ന ദുരുദ്ദെശവുമുണ്ട്. പത്രക്കാരനല്ലേ....ചില്ലറ കാര്യസാധ്യങ്ങള്‍ ഉള്ളതുകൊണ്ട് ഞാന്‍ മുഷിപ്പ് കാണിക്കാറുമില്ല.കുറെ സമയത്തെ ശ്രമഫലമായി ഒരു ഓട്ടോ നിര്‍ത്തിക്കിട്ടി.

ഞാന്‍: മണക്കാട്ഡ്രൈവര്‍:20 രൂപയാകും
ഞാന്‍: 15 അല്ലേ ആകൂ
ഡ്രൈവര്‍:എങ്കില്‍ വേറെ വണ്ടി നോക്കൂ, ഒന്നാമത് മഴ....
പ്രസാദ്: 20 കൊടുക്കാടേ.... വാ.... കയറൂ

വണ്ടി വിട്ടതും പ്രസാദ് വീണ്ടും പ്രഭാഷണം തുടങ്ങി.

ഒരു ബാറില്‍ പോയാല്‍ നീ 25 രൂപ ടിപ്പ് കൊടുക്കും, സല്യൂട്ട് അടിക്കുന്ന സെക്യൂരിറ്റിക്ക് 10 രൂപ കൊടുക്കും, സിഗരറ്റ് വലിച്ച് ദിവസം 35 രൂപ കളയും, പക്ഷെ ഒരു ഓട്ടോ തൊഴിലാളിക്ക് 5 രൂപ കൊടുക്കാ​ന്‍ മടിക്കുന്നു. ഇവര്‍ക്കും മനുഷ്യരെപ്പോലെ ജീവിക്കേണ്ടേ? പണമുണ്ടായിരുന്നെങ്കില്‍ ഇയാള്‍ നിന്നെപ്പോലെ ജീവിക്കും. മനുഷ്യര്‍ എല്ലാവരും കഴിവുള്ളവരാണു. സാമ്പത്തിക അന്തരം ഇല്ലാതാക്കി മൂലധനം എല്ലാവര്‍ക്കും തുല്യമായി അവകാശപ്പെട്ടതാ​വണം എന്നാണു നമ്മുടെ പാര്‍ട്ടിയുടെ കാഴ്ചപ്പാട്.

അല്‍പം മുന്‍പു പറഞ്ഞതിനു വിരുദ്ധമായല്ലേ ഇയാളീ പറയുന്നത് എന്ന്‍ കണ്‍ഫ്യൂഷനില്‍ ഞാനിരിക്കെ വണ്ടി നിര്‍ത്തി. ഞാന്‍ ഇറങ്ങി 20 രൂപ കൊടുത്തു. ഡ്രൈവര്‍ 5 രൂപ തിരികെ തന്നു. 20 ആല്ലേ ഇയാള്‍ ചോദിച്ചത് എന്ന മട്ടില്‍ ഞാന്‍ അയാളെ നോക്കിയപ്പോള്‍, പ്രസാദിനെ ചൂണ്ടി ഡ്രൈവര്‍ പറഞ്ഞു

"സാറിനെപ്പോലെ നല്ല മനുഷ്യരോട് ഞാന്‍ അധികം പൈസ വാങ്ങില്ല""

അതു സാരമില്ല" എന്നു പറഞ്ഞ് ഞാന്‍ 5 രൂപ തിരികെ കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ "അതിങ്ങു തരൂ" എന്നു പറഞ്ഞ് പ്രസാദ് വാങ്ങി. വണ്ടിവിട്ടപ്പോള്‍ ഞാന്‍ ചോദിച്ചു

"ഓട്ടോക്കാരനു ഞാന്‍ കൊടുത്ത 5 രൂപ നിങ്ങള്‍ തട്ടിപ്പറിച്ചത് മോശമായിപ്പോയി"

"തട്ടിപ്പറിച്ചെന്നോ? ഇത് ഞാന്‍ അദ്ധ്വാനിച്ച് നേടിയതാണ്. വണ്ടിയില്‍ ഇരുന്ന്‍ സോഷ്യലിസം പറഞ്ഞ് ഞാന്‍ അയാളെ ഇമ്പ്രസ്സ് ചെയ്തതിനാലാണ് 5 രൂപ നമുക്ക് തിരികെ കിട്ടിയത്"

ഞാന്‍: "നിങ്ങള്‍ കോഫീ ഷോപ്പില്‍ ഇരുന്ന്‍ ഒന്നു പറഞ്ഞു, വണ്ടിയില്‍ ഇരുന്ന്‍ വേറൊന്ന്‍, ഇപ്പൊ മറ്റോന്ന്‍. ഒരു ആശയത്തിലും നിങ്ങള്‍ ഉറയ്ക്കുന്നില്ല."

പ്രസാദ്: "ആശയം" അത് ചിന്താ​ശേഷിയില്ലാത്തവരുടെ തലയില്‍ കുത്തിവെക്കാനുള്ള മരുന്നാണു മിസ്റ്റര്‍....... ബൈബിളും ഗീതയും ഖുറാനും കമ്മ്യൂണിസവും കുത്തിവെച്ച് എത്രയോ വ്യക്തികളും പ്രസ്ഥാനങ്ങളും കാശുണ്ടാ​ക്കി......മനുഷ്യര്‍ മതം മാറുന്നു, പാര്‍ട്ടി മാറുന്നു, വശ്വാ​സി യുക്തിവാദിയായും തിരിച്ചും മാറുന്നു.... പ്രാര്‍ഥിക്കാന്‍ എന്തെളുപ്പം, പ്രവര്‍ത്തിക്കാന്‍ അല്ലേ ബുദ്ധിമുട്ട്....... കഴിവില്ലാത്തവരെ, കഷ്ടപ്പാടുള്ളവരെ, ചിന്താശേഷിയില്ലാത്തവരെ ആശയങ്ങള്‍ കൊടുത്ത് പ്രലോഭിപ്പിക്കുക...... അവരില്‍ നിന്നും പണം പിരിക്കുക... അവരെ മുന്നില്‍ നിര്‍ത്തി സംഘബലം കാണിച്ച് സര്‍ക്കാരിനെ വരുതിയില്‍ നിര്‍ത്തുക...... അവരുടെ ദൈന്യത മാര്‍ക്കറ്റ് ചെയ്ത് പണം വാരുക..... ഇത് തലമുറകളായി നമ്മുടെ സമൂഹത്തില്‍ നടക്കുന്നു.........

അതല്ലേ പാര്‍ട്ടിയും ബിഷപ്പുമാരുമായി ഈ വഴക്ക്.......... വിരുദ്ധ ആശയങ്ങള്‍ വെച്ച് ഒരേ ബിസിനസ്സ് ചെയ്യുന്ന രണ്ട് പ്രസ്ഥാനങ്ങള്‍.... രണ്ടു കൂട്ടര്‍ക്കും അണികളുടെ എണ്ണം കൂടുന്നത് കൂടുതല്‍ പണവും സ്വാധീനവും നേടാനുള്ള അടിസ്ഥാന മാര്‍ഗ്ഗമാണ്. അവര്‍ക്ക് അവരുടെ ആശയങ്ങളില്‍ ആളുകള്‍ വിശ്വസിച്ചാല്‍ മാത്രം പോര. അവരുടെ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്ന്‍ പണം കൊടുക്കുകയും തെരുവില്‍ പോരിനു ഇറങ്ങുകയും വേണം.

ശരിക്കും ഇവിടെ നടക്കുന്നത് രണ്ട് കോര്‍പ്പറേറ്റുകളുടെ "ബിസിനസ്സ് വാര്‍" ആല്ലേ?

എന്നെ ആലോചിക്കാന്‍ വിട്ടിട്ട്, സോഷ്യലിസം പ്രസംഗിച്ചു കിട്ടിയ 5 രൂപയുമായി ഒരു വില്‍സ് വാങ്ങി ആത്മാവിനു പുക കൊടുക്കാന്‍ പ്രസാദ് കടയിലേക്ക് പോയി.


നോട്ട്:
സാമൂഹ്യ പുരോഗതിക്കും ചിട്ടകള്‍ക്കും സംസ്കാരത്തിനും അടിസ്ഥാനമായത് ദൈവശാസ്ത്രവും സോഷ്യലിസവും ഉള്‍പ്പെടെയുള്ള ‍മഹത്തായ ആശയങ്ങളാണ്. പക്ഷെ ആശയം വിറ്റ് ആമാശയം നിറയ്ക്കുന്നവരെയല്ല ഒരു സമൂഹത്തിനാവശ്യം, ചിന്തകള്‍ ഉണര്‍ത്തുകയും വര്‍ണ-വര്‍ഗ്ഗ്-മത പരിഗണനകളില്ലാതെ മനുഷ്യരാശിയുടെ മുഴുവന്‍ പുരോഗതിക്കും ഉതകുന്ന പാതകള്‍ വെട്ടിത്തുറക്കുന്ന നായകന്മാരെയും ചിന്തിക്കുന്ന ജനങ്ങളെയുമാണ്.

Saturday, April 4, 2009

പി കെ ബിജു (ഇലക്ഷന്‍ കളക്ഷന്‍-6)

1989-ല്‍ കോട്ടയം ജില്ലയില്‍ മാന്നാനം കെ.ഇ കോളേജിലെ പ്രീഡിഗ്രീ ബാച്ചിലെ പിന്‍ബഞ്ചുകാരില്‍ ഒരു സാധാരണക്കാരനായിരുന്നു ആലത്തൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ശ്രീ. പി.കെ.ബിജു. അസാമാന്യമായ നേതൃത്വപാടവം ആ യുവാവില്‍ അന്നേ എനിക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നു. ബിജു എന്ന യുവാവില്‍ അന്തര്‍ലീനമായിരുന്ന കഴിവുകള്‍ മനസ്സിലാക്കിയ പാര്‍ട്ടി എസ്.എഫ്.ഐ നേതൃത്വത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. പക്ഷെ പെട്ടന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എടുത്തുചാടാന്‍ ബിജു കൂട്ടാക്കിയില്ല. സമൂഹത്തിലെ അവഗണിക്കപ്പെട്ട വിഭാഗത്തിനായി പ്രവര്‍ത്തിക്കാനായിരുന്നു ബിജുവിനു താല്പര്യം. പാവപ്പെട്ടവരോടും ആലംബഹീനരോടും അടുക്കാനും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാനും ബിജു എന്നും മുന്നില്‍ ഉണ്ടായിരുന്നു. അനീതിയെവിടെയുണ്ടായാലും പ്രതികരിക്കുന്ന ബിജു ക്രമേണ നാട്ടുകാരുടെ പ്രതീക്ഷയായി മാറി. താന്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങളോട് യോജിക്കുന്ന പാര്‍ട്ടി എന്ന നിലയിലാണു ബിജു ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ആകുന്നത്.
കളങ്കമില്ലാത്തതും ആത്മാര്‍ഥതയുള്ളതുമായ ബിജുവിലെ പ്രവര്‍ത്തകനു മുന്നീല്‍ പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ വന്നു ചേരുകയായിരുന്നു. ഒരിക്കല്‍ നാട്ടിലെ ഒരു നമ്പൂതിരിക്കുട്ടി വഴിയില്‍ ഇരുന്നു കരയുന്നത് ബിജു കണ്ടു. ഒരുകാലത്ത് നാടുവാനിരുന്ന മനയ്ക്കലെ ആ കുട്ടി ദാരിദ്ര്യം മൂലം പരീക്ഷാ ഫീസ് അടയ്ക്കാന്‍ പണമില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു. കോളേജില്‍ നിന്നും പട്ടികവിഭാഗക്കാര്‍ക്കുള്ള സ്റ്റൈഫന്‍റ്റ് ബിജുവിനും കിട്ടുമായിരുന്നു. ആ പണത്തില്‍ ഒരു ഭാഗം ഈ നമ്പൂതിരിക്കുട്ടിയെ സഹായീക്കാന്‍ ബിജു ഉപയോഗിച്ചു. അതോടെ ബ്രാഹ്മണര്‍ പോലും ജാതി വിത്യാസം മറന്ന് ബിജുവിനെ അഭിനന്ദിച്ചു. .......................

ബിജു വിജയിച്ചാല്‍ മേല്‍ പറഞ്ഞ രീതിയില്‍ ഒരു റിപ്പോര്‍ട്ട് മനോരമയില്‍ പ്രതീക്ഷിക്കാം. പക്ഷെ ഞാന്‍ ഇങ്ങനെ ഒരു കെട്ടുകഥ ചമച്ചാല്‍, ‍ രണ്ടുവര്‍ഷം ഒരേ ക്ലാസ്സിലിരുന്നിരുന്നു എന്ന സ്നേഹം പോലൂം മറന്ന് ബിജു എന്നെ വീട്ടില്‍ വന്നു തല്ലും.......

പ്രീയപ്പെട്ട വായനക്കാരേ........ 1989-ഇല്‍ ബിജു ഒരു ഇടതുപക്ഷ അനുഭാവിയായ ഒരു വിദ്യാര്‍ഥിയായിരുന്നു. സാഹചര്യങ്ങള്‍ പാര്‍ട്ടി ബന്ധം വളരാനും, കഴിവുറ്റ പ്രവര്‍ത്തനം ക്രമേണ നേതൃത്വത്തില്‍‍ എത്താനും ഇടയാക്കി. അയാള്‍ കഴിവുള്ള ഒരു ചെറുപ്പക്കാരനാണ്. പട്ടിണി കിടന്നിട്ടില്ലെങ്കിലും ജീവിത ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്. എളിമയും വിനയവും ഉള്ളവനും സൌഹൃദം കാത്തു സൂക്ഷിക്കുന്നവനുമാണ്. താമസിയാതെ ഒരു ഡോക്ടറേറ്റ് ലഭിക്കുകായും ചെയ്യും. ബിജു വിജയിക്കണം എന്നാഗ്രഹിക്കാന്‍ എനിക്ക് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. 1) ഉന്നത വിദ്യാഭ്യാസം ഉണ്ട് 2) സ്വഭാവ ഗുണം ഉണ്ട്

ബിജുവിനെപ്പോലെയുള്ളവര്‍ വിജയിച്ചില്ലെങ്കില്‍ നാളത്തെ നമ്മുടെ രാഷ്ട്രീയ നേതൃത്വം കാലുനക്കികളുടെയും, മതമേലദ്ധ്യക്ഷന്മാരൊ തീവ്രവാദികളോ പിന്തുണയ്ക്കുന്നവരുടെയും, മക്കള്‍ രാഷ്ട്രീയത്തിലൂടെ കടന്നു വരുന്ന മന്ദബുദ്ധികളുടെയും മാത്രമായിമാറും. ആലത്തൂരിലെ ജനങ്ങള്‍ ഇത് മനസ്സിലാക്കണം..........

Tuesday, March 31, 2009

അറിയാത്ത പിള്ളകള്‍ (ഇലക്ഷന്‍ കളക്ഷന്‍ - 5)

സ്വാര്‍ഥതയ്ക്ക് ന്യായത്തിനോട് ചേര്‍ന്നു നില്‍ക്കാന്‍ മിക്കവാറും സാധിക്കാറില്ല. അത് ദുഖത്തെ ക്ഷണിച്ചു വരുത്തൂം. സ്വയം നശിക്കാന്‍ ഇടവരുത്തും, ചിലപ്പോള്‍ കൂടെ നില്‍ക്കുന്നവരെക്കൂടി തോല്‍പ്പിക്കും. പക്ഷെ ഇത് അറിയില്ലാത്ത രണ്ടുപേരെക്കുറിച്ചാണിവിടെ കുറിക്കുന്നത്

പിണറായിക്ക് അറിയാത്തത്: മദനിയുടെ പേരില്‍ കിട്ടുന്ന ഓരോ വോട്ടിനും പകരം മദനിയില്ലാതെ കിട്ടുന്ന അഞ്ച് വോട്ടെങ്കിലും നഷ്ടപ്പെടും എന്നത്.

മാണിക്ക് അറിയാത്തത്: മക്കള്‍ രാഷ്ട്രീയം ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും, മക്കളെ നേതാവാക്കാനുള്ള ശ്രമത്തിലാണു പല അപ്പന്മാര്‍ക്കും നിലനില്‍പ്പ് പോലും ഇല്ലാതെയായതെന്നും.

അറിയാത്ത പിള്ളകള്‍ക്ക്, ചൊറിയുമ്പോള്‍ അറിയും

Saturday, March 21, 2009

ഒരു കോണ്‍ഗ്രസ് മര്യാദകേട്.... (ഇലക്ഷന്‍ കളക്ഷന്‍-4)

മൂന്ന് സിറ്റിംഗ് എം.എല്‍.എ മാരെ സ്ഥാനാര്‍ഥികളാക്കുക................. എന്തൊരു മര്യാദകേടാണിത്?
കോണ്‍ഗ്രസ്സില്‍ പൊതുജന അംഗീകാരമുള്ളവര്‍ അത്രയ്ക്ക് ചുരുക്കമാണോ? 20 പേരെ തികച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുവാന്‍ കഴിയാത്തത്ര മോശമാണോ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉള്ളവരുടെ ഇമേജ്? ഒരു തരത്തില്‍ പറഞ്ഞാല്‍ ടോം വടക്കനും ശശി തരൂരും പരിഗണിക്കപ്പെട്ടതിനെ ഇതുമായി കൂട്ടിവായിക്കാം. അതായത് നിലവിലുള്ള കോണ്‍ഗ്രസ്സ് നേതാക്കളില്‍ എം.പീയോ, എം.എല്‍.എ യൊ അല്ലാത്തവരില്‍ കഴിവുള്ള 13 മാന്യന്മാരെയേ ഇതുവരെ കണ്ടെത്താന്‍ പറ്റിയുള്ളൂ.

മിസ്റ്റര്‍ ചെന്നിത്തല.......... മൂന്ന് എം.എല്‍.എ മാരുടെ ഒഴിവുണ്ടായാല്‍, വീണ്ടും ഖജനാവിലെ പണം ചിലവാക്കി ഇലക്ഷന്‍ നടത്തേണ്ടി വരും. അതും വിദേശത്തുനീന്നും കടം വാങ്ങിയ പണം........ ഒരു നല്ല പൌരന്‍ അതിനു കൂട്ടുനില്‍ക്കാന്‍ പാടുണ്ടോ? ഖജനാവിലെ പണം ഞങ്ങള്‍ക്കും അവകാശപ്പെട്ടതല്ലേ?

അത് കൊണ്ട് തല്‍ക്കാലം അവര്‍ എം.എല്‍.എ-മാരായിത്തന്നെ തുടരട്ടെ.........

ഒരു മാറ്റത്തിനു ഇനിയും സമയമുണ്ട്. പറ്റില്ലെന്നുണ്ടെങ്കില്‍ പൌരബോധത്തോടെ ആ തീരുമാനമെടുക്കാന്‍ ഞങ്ങളിലെ കോ‍ണ്‍ഗ്രസ്സുകാര്‍ക്ക് പോലും കഴിയും.......

Friday, March 20, 2009

എന്തോരു പുത്തി.......(ഇലക്ഷന്‍ കളക്ഷന്‍ 3)

രാഷ്ട്രീയത്തില്‍ ബുദ്ധിയുടെ സ്ഥാനത്തെപ്പറ്റി സിനിമകളില്‍ ചില നെടുനീളന്‍ ഡയലോഗുകളില്‍ കേട്ടിട്ടുള്ളവര്‍ക്ക് കണ്ടു മനസ്സിലാക്കാന്‍ ഒരു ഉദാഹരണം.

കേരളത്തിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പിലെടുക്കുന്ന ഒരു സമീപനം ഓരോ ഇലക്ഷനും പക്ഷം മാറി വോട്ട് ചെയ്യുക എന്നതാണ്. അതായത് ഇപ്രാവശ്യം ഇടതിന് അടുത്തത് വലത്തിന് എന്നിങ്ങനെ. പ്രത്യേകമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ഭരണവും അങ്ങനെ തന്നെ പക്ഷം മാറിക്കിട്ടാറുണ്ട്. ആ നിലയ്ക്ക് നോക്കിയാല്‍ ഇപ്രാവശ്യം ജയസാധ്യത കോണ്‍ഗ്രസ് പക്ഷത്തിനാണ് എന്ന് കണക്കുകൂട്ടാം.

എല്ലാവരും സ്ഥാനാര്‍ത്ഥി പട്ടിക വായിച്ചല്ലോ...........

ഇടതുപക്ഷത്ത് നിറയെ യുവാക്കള്‍..... തോക്കും എന്ന് ഉറപ്പുള്ള കളിയില്‍ പിള്ളേരെ ഇറക്കി കളിപ്പിക്കാം. ഒത്താല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി. തോല്‍ക്കുന്നവനൊന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തി വിടര്‍ത്തില്ല. അതോടെ തലപ്പത്തുള്ളവര്‍ക്ക് സമാധാനമായി തുടരാം. ഇനി അഥവാ ജയിച്ചാലും അങ്ങ് ദീല്ലിയില്‍ പോയി കിടന്നോളും. ജയിച്ചാലും തോറ്റാലും സീറ്റ് തന്ന സെക്രട്ടറിയോട് എന്നും വിധേയത്വവും ഉണ്ടാകും.

കോണ്‍ഗ്രസ്സിലോ.......... എല്ലാം പയറ്റി തെളിഞ്ഞവര്‍. ജയിക്കാന്‍ സാധ്യതയുള്ള സമയത്ത് സീറ്റ് കിട്ടാന്‍ തലപ്പത്തുള്ളവര്‍ ആഞ്ഞു പയറ്റുന്നു. ഇവിടെ ചെറുപ്പക്കാരെ വളര്‍ത്താനോ, പുതുമുഖങ്ങളെ കൊണ്ടുവരുന്നതോ ആലോചിക്കാനേ പറ്റില്ല. ലിസ്റ്റ് വന്നപ്പോള്‍ എല്ലാം പല ഗ്രൂപ്പിലെയും നേതാക്കള്‍ തന്നെ. അടുത്ത മുഖ്യമന്ത്രി സ്ഥാനം നോട്ടമിട്ടു നില്‍ക്കുന്ന ചിലരാകട്ടെ ഉമ്മന്‍ ചാണ്ടി കൊടുക്കുന്ന ദില്ലി ടിക്കറ്റ് കൈപ്പറ്റാതെ ഓടി ഓളിക്കുന്നു. എന്നെ എം പീ ആക്കല്ലേ എന്ന് സോണിയയോട് കെഞ്ചുന്നു.

ബാറ്റിങ്ങ് പിച്ചില്‍ ക്യാപ്റ്റനു തന്നെ ഓപ്പണിംഗ് ചെയ്യണം
ബൌളിംഗ് പിച്ചാണെങ്കില്‍ ഏതെങ്കിലും വാലറ്റക്കാരനെ ഇറക്കാം....

അപാര ബുദ്ധി തന്നെ..........

Thursday, March 12, 2009

ജാതി ചോദിച്ചേ പറ്റൂ....... (ഇലക്ഷന്‍ കളക്ഷന്‍ -2)

ലത്തീന്‍ വിഭാഗത്തിനു സ്വാധീനമുള്ള മേഘലകളില്‍ അവര്‍ക്ക് സീറ്റുവേണം. സമുദായത്തിലെ എത്ര പേര്‍ക്ക് സീറ്റുനല്‍കി എന്നതിനനുസരിച്ച് വെള്ളാപ്പള്ളി തീരുമാനമെടുക്കും. കൃസ്ത്യന്‍ മേഘലകളില്‍ സ്ഥാനാര്‍ഥികളെ ബിഷപ്പ് നിര്‍ദ്ദേശിക്കും. മുസ്ലിം ഭൂരിപക്ഷമുള്ളയിടങ്ങളില്‍ അത് പരിഗണിച്ചേ പറ്റൂ.

എന്തിനാണു നമ്മള്‍ ഈ മതേതരത്വവും സോഷ്യലിസവും പാടി തൊണ്ട വറ്റിക്കുന്നത്. സെന്‍സസ് എടുത്ത് ഓരോ മതവിഭാഗങ്ങളുടെയും ശതമാനം അനുസരിച്ച് സീറ്റ് വീതം വെക്കുക. മതം ഇല്ലാത്തവരെയും ഒരു ഗ്രൂപ്പാക്കി കണക്കാക്കി ഒരു വീതം കൊടുക്കാം. ആകെ 20 സീറ്റല്ലേയുള്ളൂ അതുകൊണ്ട് കുറച്ച് സീറ്റുകള്‍ സംവരണം ചെയ്ത് എണ്ണം കുറവുള്ള ഉപവിഭാഗങ്ങള്‍ക്ക് റൊട്ടേഷന്‍ രീതിയില്‍ കൊടുക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന രീതിയേ ഒഴിവാക്കി മതാടിസ്ഥാനത്തില്‍ വേണമെങ്കിലും കാര്യങ്ങള്‍ നീക്കാം. അതാവുമ്പോ മതസൌഹാര്‍ദ്ദവും മെച്ചപ്പെടും. ഉദാഹരണത്തിന്, കത്തോലിക്കരുടെ മേള്‍ക്കൊയ്മ ഇഷ്ടപ്പെടാത്ത ലത്തീന്‍കാരും, നായന്മാരുമായി ചേരാത്ത ഈഴവരും സഹകരിച്ചു പ്രവര്‍ത്തിച്ചേക്കാം. കാരണം സംവരണം പോലെ ചില കാര്യങ്ങളില്‍ അവര്‍ക്ക് യോജിപ്പുണ്ടല്ലോ. അങ്ങിനെ മതസൌഹാര്‍ദ്ദത്തിനു പുതിയ മാനങ്ങളും ലഭിക്കും.

കാലക്രമേണ എല്ലാം മതാടിസ്ഥാനത്തില്‍ ആക്കാം. കേരളത്തിലെ ഓരോ മതവിഭാഗങ്ങളിലെയും വിശ്വാസികളുടെ കയ്യിലുള്ള മൊത്തം ഭൂമിയുടെ അളവ് അതാതു മതത്തിനുള്ള ശതമാന അനുപാതത്തില്‍ കൂടാന്‍ പാടില്ല. സര്‍ക്കാര്‍ ജോലി, സ്വകാര്യ ജോലി, സ്കൂളുകളിലും കോളേജുകളിലും ഉള്ള സീറ്റ് തുടങ്ങി എല്ലാം ഓരോ മതത്തിനും ജനസംഖ്യാപ്രകാരമുള്ള ശതമാനക്കണക്ക് വെച്ച് നിജപ്പെടുത്തണം. വിഭവങ്ങള്‍ പോലും ഈ രീതിയില്‍ വിഭജിക്കാം. മുസ്ലിങ്ങള്‍ 20% ഉണ്ടെക്കില്‍ അവര്‍ക്ക് കേരളത്തില്‍ ഓരോ മാസവും വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെയും ഗ്യാസിന്റെയും 20%ത്തില്‍ കൂടുതല്‍ കൊടുക്കാന്‍ പാടില്ല.

മതാതിഷ്ഠിത ജനാധിപത്യത്തിനു ജയ് ഹോ.........

മഹാഗുരോ മാപ്പ്.......... ജാതി ചോദിച്ചേ പറ്റൂ...........

Wednesday, March 11, 2009

ഇലക്ഷന്‍ കളക്ഷന്‍ ----- 1

ഭാവിയെന്താണ് എന്നതില്‍ സിപിഐ-ക്കോ, ദളിനോ, ആര്‍എസ്പി-ക്കൊ സംശയമുണ്ടാകാന്‍ വഴിയില്ല. അത് ശൂന്യത തന്നെ. കേവലം ഈ ഇലക്ഷനിലെ മാത്രം പ്രശ്നമല്ല അത്, ഇനി വരുന്ന ഓരോ തിരഞ്ഞെടുപ്പിലും അവരുടെ കാല്‍ചുവട്ടിലെ മണ്ണ് കുറേശ്ശെയായി ഒഴുകിപ്പോയ്ക്കൊണ്ടേയിരിക്കും. ആദ്യം കേന്ദ്രത്തിലേക്ക് തിരഞ്ഞെടുപ്പിനു നില്‍ക്കേണ്ട ആവശ്യം ഇല്ല എന്നു സി പി എം അവരെ ബോധ്യപ്പെടുത്തും പിന്നെ പതിയെ സംസ്ഥാന തിരഞ്ഞെടുപ്പിലും. ഈ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്നും രക്ഷപെടാന്‍ അവര്‍ക്കാകുമെന്ന് തോന്നുന്നില്ല. ചെറുപാര്‍ട്ടികള്‍ ഇല്ലാതകുന്നത് ഗുണകരമാണെന്ന് കഴിഞ്ഞകുറേ ഭരണങ്ങള്‍ തെളിയിച്ചു. ഒറ്റ എം പി പാര്‍ട്ടികള്‍ വരെ വിലപേശുന്ന കാഴ്ച്ച നമ്മള്‍ കണ്ടു. എങ്കിലും ഇവരൊക്കെ ഇടതുപക്ഷമാണ് എന്ന് ജനങ്ങള്‍ക്കുള്ള തോന്നല്‍ പലപ്പോഴും നിലനിര്‍ത്തിയത് സിപീഐ-യുടെയും മറ്റും ഇടപെടലുകളായിരുന്നു. പക്ഷേ നട്ടെല്ലോടെ നിലനിലക്കണം എന്ന ചിന്ത അവര്‍ക്കില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും!
മറു വശത്ത് കോണ്‍ഗ്രസ്സിലാണെങ്കില്‍ കരസേനക്കാരുടെ മോട്ടോര്‍ സൈക്കിള്‍ അഭ്യാസം പോലെ ഒരു യുഡിഎഫ് ബൈക്കില്‍ പത്തോളം പേരാണ് ബാലന്‍സ് ചെയ്ത് നില്‍ക്കുന്നത്. പ്രത്യേക പ്രത്യയശാസ്ത്രമോ നയമോ ഇല്ലാത്തതുകൊണ്ട് അവിടെ ആര്‍ക്കും കൂടാം. ഇടതുപക്ഷമായാല്‍ അല്പം മതേതരം കാണിക്കണം, ന്യൂനപക്ഷത്തെ പ്രേമിക്കണം, സംവരണത്തെ അനുകൂലിക്കണം അങ്ങനെ പലവിധ പ്രശ്നങ്ങളാണ്. സംഘപരിവാറില്‍ ആണെങ്കില്‍ ഒരു ഹിന്ദു അജണ്ടയുണ്ടായേ പറ്റൂ. പള്ളി പോളിച്ചത് തെറ്റായി എന്നും പറഞ്ഞ് അവിടെ നില്‍ക്കാന്‍ പറ്റില്ല. പക്ഷെ യു ഡി എഫ് എന്നാല്‍ കടലുപോലെയാണ്. അവിടെ എന്തും ലയിക്കും. എടുക്കുന്ന നയങ്ങളൊ, ചെയ്യുന്ന പ്രവര്‍ത്തിയോ ആരാലും ചോദ്യംചെയ്യപ്പെടില്ല. എല്ലാവര്‍ക്കും എന്തുമാവാം. അല്ലെങ്കിലും അന്തസ്സ് മാന്യന്മാര്‍ക്കാണല്ലോ നിര്‍ബന്ധം.
ജനം ഇതോക്കെ കണ്ടു നില്‍ക്കുന്നു എന്നത് ഇവര്‍ക്കൊന്നും ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല. ഇനിയൊട്ടാവുമെന്നും തോന്നുന്നില്ല. തോന്നണമെങ്കില്‍ മറിച്ചൊരഭിപ്രായം രേഖപ്പെടുത്താന്‍ ജനത്തിനു അവസരം കിട്ടണം. അത് ആര് കൊടുക്കാന്‍!!!

Thursday, March 5, 2009

ടെലി-വിഷ-ബാധ

ടെലിവിഷബാധയില്‍ മയങ്ങിക്കിടക്കുന്ന കുടുംബംങ്ങളുടെ അറിവിലേക്ക്:

ടി വി കേടായത് സ്വാഭാവികമായിട്ടാണെങ്കിലും കുറ്റം 5 വയസ്സുകാരനില്‍ അടിച്ചേല്‍പ്പിച്ചു. കാര്‍ട്ടൂണ്‍ ചാനലിലെ ശബദകോലാഹലങ്ങള്‍ അവന്‍ ഉറക്കമുണര്‍ന്നിരിക്കുന്ന മുഴുവന്‍ സമയവും‍ കേട്ടുകൊണ്ടിരിക്കുക വഴി തലയ്ക്ക് പിടിച്ച മത്ത് ഒന്നിറങ്ങട്ടെ എന്ന തീരുമാനത്തിലായിരുന്നു ടി വി നന്നാക്കുന്നത് തല്‍ക്കാലത്തേക്ക് മാറ്റി വെച്ചത്.

അരക്കെട്ടിളക്കി പെണ്‍പിള്ളേര്‍ തുള്ളുന്നതും, ചെറുക്കന്‍ ഉറക്കം പിടിച്ചു കഴിഞ്ഞാല്‍ ഫാഷന്‍ ചാനലില്‍ വിക്ടൊറിയാ സീക്രട്ട് കമ്പനിക്കാരുടെ പുതിയ തുണിക്കഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും കാണാന്‍ കഴിയില്ലെല്ലോ എന്നൊരു പ്രശ്നം മനസ്സില്‍ പൊങ്ങി വന്നെങ്കിലും, ശരത്ത് പറയുന്ന വൃത്തികേടുകളും മായം ചേര്‍ത്ത പുരാണ കഥകളും കാണേണ്ടല്ലോ എന്നോര്‍ത്ത് ആശ്വാസം കൊണ്ടു.

പക്ഷെ ആശങ്കകളെല്ലാം അകറ്റി തെളിഞ്ഞു വന്നത് ഒരു പുതിയ ജീവിതമായിരുന്നു. ജെറ്റിക്സ് ചാനല്‍ കാണാതിരുന്നപ്പോള്‍ മകന്‍ അക്രമസ്വഭാവം ഉപേക്ഷിച്ച് നോര്‍മ്മല്‍ ആയി. മകനും അമ്മയും തമ്മിലുള്ള സംഘര്‍ഷം വളരെക്കുറഞ്ഞു. വൈകുന്നേരം വീട്ടിലെത്തിയാല്‍ ഭാര്യയോട് സംസാരിക്കുവാന്‍ ധാരാളം സമയം. സീരിയലുകള്‍ ഇല്ലാത്തത് കൊണ്ട് ഭാര്യയ്ക്ക് തിരക്കൊന്നുമില്ല. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു, നേരത്തെ കിടന്ന് ഉറങ്ങുന്നു. മനസ്സമാധാനം കൂടി..കുടുംബ ജീവിതം മെച്ചപ്പെട്ടു.

ടിവി കാണാതെ ഇരിക്കുമ്പോള്‍ വിനോദത്തിലും വിജ്ഞാനത്തിലും ചില നഷ്ടം ഉണ്ടെങ്കിലും ജീവിതം മുടങ്ങിപ്പോകുന്ന പ്രതിസന്ധിയൊന്നും ഇല്ലെന്ന് മനസ്സിലായി.

ഒരു ചെയ്ഞ്ചിനെങ്കിലും ഒരൂ മാസത്തേക്ക് ടിവി പൂട്ടിവെക്കുക. ഹൃദ്യമായ ഒരനുഭവം ആകുമത്. ഉപേക്ഷിച്ച് ചില ഹോബികള്‍, ചില്ലറ കളിതമാശകള്‍, ഇഷ്ടപ്പെട്ട് ചെയ്ത്തിരുന്ന വീട്ടിലെ റിപ്പയര്‍ ജോലികള്‍......... അങ്ങനെ പലതും വീണ്ടും ഓര്‍മ്മയിലേക്ക് എത്തും........

Friday, February 27, 2009

കലാലയ വിദ്യാഭ്യാസം അഥവാ വിദ്യാലയ കലകളും അഭ്യാസങ്ങളും

ഇന്ത്യന്‍ ശിക്ഷാനിയമത്തിനു സാധിക്കുന്നത് അതു ചെയ്തു. ഇതുകൊണ്ട് എല്ലാവരും തൃപ്തിപ്പെടണം. അപ്പീലു കൊടുക്കുന്നതനുസരിച്ച് ശിക്ഷ വെട്ടിക്കുറയ്ക്കുന്നതാണു നമ്മുടെ കോടതികളുടെ യഥാര്‍ഥ ശക്തി എന്ന് നാം പണ്ടേ മനസ്സിലാക്കിയതാണല്ലോ. വധശിക്ഷയ്ക്ക് വിധിച്ചു കിടക്കുന്ന നളിനിയെയോ അഫ്സല്‍ ഗുരുവിനെയോ തൂക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല, പിന്നെ വെറുതെ എന്തിനാ ശിക്ഷക്കുന്നത് എന്നു കോടതിക്കു തോന്നിയാലും കുറ്റം പറയാന്‍ കഴിയില്ല. ആ നിലയ്ക്ക് പരിശോധിച്ചാല്‍ വെറും കൂട്ടബെലാത്സംഗത്തിനു പത്ത് വര്‍ഷം തടവ് എന്നത് ഒരു വലിയ കാര്യം തന്നെ.

റാഗിംഗ് എന്നത് ഒരു കലാരൂപം എന്നതില്‍ നിന്നും ഒരു കായിക വിനോദമായി മാറിയിട്ട് കാലം കുറെയായി. അസ്സൈന്മെന്റ് എഴുതിക്കുക, വെയിലത്തു നിര്‍ത്തുക, കലാപരിപാടികള്‍ അവതരിപ്പിക്കുക, അസഭ്യം പറയുക മുതല്‍ നഗ്നമായി പരേഡ് നടത്തിക്കുന്നതു വരെയായിരുന്നു പഴയ റാഗിംഗ്. എന്നാല്‍ അതില്‍നിന്നും പുരോഗമിച്ച് ശാരീരിക മര്‍ദ്ദനമേല്‍പ്പിക്കുക, പണം പിരിക്കുക, ലൈംഗിക ചൂഷണം നടത്തുക എന്നീ നിലയിലേക്കു നീങ്ങിയപ്പോളാണു സംഗതി കോടതിയുടെ നിരീക്ഷണത്തിലേക്കു നീങ്ങിയത്. എന്തുകൊണ്ടാണു റാഗിംഗിനു പൊതുസമൂഹത്തില്‍ ഉള്ള അത്രയും ഗൌരവം കാമ്പസില്‍ ലഭിക്കാത്തത്?

ഒരു കോളേജില്‍ ഇന്നു നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തികളില്‍ പത്തു ശതമാനം പോലും റാഗിംഗ് ഗണത്തില്‍ വരില്ല എന്നതാണു അതിനു കാരണം. നമ്മുടെ മിക്കവാറും കലാലയങ്ങളില്‍ നടക്കാറുള്ള ചില കലകളും അഭ്യാസങ്ങളും ഞാന്‍ താഴെ വിവരിക്കാം
  1. ബ്ലേഡ് പിരിവ് : പുറത്തുള്ള ചില ബ്ലേഡ് ഗുണ്ടകളുടെ സഹായത്തോടെ ആവശ്യക്കാര്‍ക്ക് പണം കൊടുക്കുക പിരിക്കുക. പണം കിട്ടിയില്ലെങ്കില്‍ ഗുണ്ടായിസം നടത്തുക.
  2. ഗുണ്ടായിസം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി കാമ്പസിലും പുറത്തും കൂലിത്തല്ല് നടത്തുക. ബ്ലേഡുകാരുടെ ഗുണ്ടയാകുക. വായ്പാ തവണകള്‍ അടയ്ക്കാത്ത വണ്ടികള്‍ പിടിച്ചെടുക്കുന്ന ക്വോട്ടേഷന്‍ ഗാങ്ങില്‍ ചേരുക
  3. മദ്യം, മയക്കുമരുന്ന്, കഞ്ചാവ് മുതല്‍ ബ്ലൂ ഫിലിം വരെ വിതരണം
  4. പണത്തിനു വേണ്ടിയുള്ള സ്വവര്‍ഗ്ഗ രതി, വ്യഭിചാരം. സ്റ്റേജ് പ്രൊഗ്രം കോമ്പീയറിംഗ്, ഗ്രൂപ്പ് ഡാന്‍സ്, സീരിയല്‍ തുടങ്ങിയവയുടെ മറവില്‍ ആണു പലതും നടക്കുക
  5. പ്രണയം എന്ന സെറ്റപ്പ്: ഒഴിഞ്ഞ ക്ലാസ്സ് മുറികളില്‍, ലാബുകളില്‍, പരിസരത്തെ കുറ്റിക്കാടുകളില്‍, ഇന്റെര്‍നെറ്റ് കഫെകളില്‍, വാടക വീടുകളില്‍ എന്നുവേണ്ട ആളൊഴിഞ്ഞ ഏതു സ്ഥലത്തും വാത്സ്യായന മുറകള്‍ പരീക്ഷിക്കപ്പെടുന്നു. ആണും പെണ്ണും തമ്മിലുള്ള ഈ ഏര്‍പ്പാട് പുതുമയുള്ളതല്ലെങ്കിലും ഇതിനുണ്ടായിരുന്ന രഹസ്യ സ്വഭാവം ഇപ്പോളില്ല എന്നാതാണു പ്രത്യേകത. ആരും ഒളിച്ചും പാത്തും ഒന്നും മുങ്ങാറില്ല. പലപ്പോഴും ഗാങ്ങായി ഒന്നിച്ചാണു പോകുന്നതും. സ്റ്റഡി ടൂറുകളെപ്പറ്റി പറയേണ്ടതില്ലല്ലോ.......

മോക്ഷണം ഉള്‍പ്പെടെ ഇതില്‍ എഴുതാത്ത പലതും വേറെയുണ്ട്. ഇതില്‍ പലതും സമൂഹത്തിലെ രോഗങ്ങളുടെ പകര്‍ച്ച മാത്രമാണ്. ഇതില്‍ പലതും നിയന്ത്രിക്കണമെങ്കില്‍ ആദ്യം നമ്മുടെ പൊതുസമൂഹത്തില്‍ വേണം നിയമം വാഴിക്കാന്‍. കാമ്പസിലെ ഇത്തരം പ്രവര്‍ത്തികള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പലിനെ രാഷ്ട്രീയക്കാര്‍ ഭീഷണിപ്പെടുത്തിയത് എനിക്ക് നേരിട്ടറിയാം. ഇതൊക്കെ നടക്കുന്ന കാമ്പസുകളില്‍ ഒരു ബലാത്സംഗം വലിയ വാര്‍ത്തയാകില്ല.

ഇത് സമൂഹത്തിനു സംഭവിച്ച ക്രിമിനലൈസേഷന്‍ മൂലം മാത്രമാണ്. റാഗിംഗ് എന്നും പറഞ്ഞ് രോഷം കൊള്ളുന്ന രാഷ്ട്രീയക്കാരും പോലീസും ആദ്യം തങ്ങളുടെ ഉത്തരവാദിത്വം തിരിച്ചറിയണം. നിങ്ങളുടെ ചട്ടുകങ്ങളായി കലാലയങ്ങളില്‍ രക്തസാക്ഷികളായവരോ, ഭാവി തുലച്ചവരോ, അപമാനിക്കപ്പെട്ടവരോ ആയ ആയിരങ്ങളില്‍ ഒരാളാണീ പെണ്ണ്. അങ്ങനെ മക്കള്‍ നശിച്ചു പോയതുവഴി ജീവിതം തീരാദുരിതത്തിലും കണ്ണീര്‍ക്കടലിലുമായവരും ആത്മഹത്യ ചെയ്തവരും ആയ മാതാപിതാക്കളുടെ നാടാണിത്. നിങ്ങള്‍ക്കു വേണ്ടി വാളെടുത്തവരായലും, നിങ്ങള്‍ കൊടുത്തവാളിനിരയായവരായാലും അവരുടെ മാതാപിതാക്കളുടെ കണ്ണുനീര് ഒരു പോലെ തന്നെ.

മക്കള്‍ക്ക് നല്ല ജീവിത മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ സാധിക്കാത്ത ആ മാതപിതാക്കളെക്കാല്‍ നമ്മുടെ നിയമ വ്യവസ്ഥയുടെയും, നിയമ പാലകരുടെയും, രാഷ്ട്രിയ-മത നേതാക്കളുടെയും പരാജയമാണിതെന്ന തിരിച്ചറിവില്‍, മുണ്ടക്കയംകാരിയായ ആ സഹോദരിയുടെ മാതാപിതാക്കളുടെ മാത്രമല്ല, സ്വന്തം മക്കളെ സമൂഹം കല്ലെറിയുന്നതു കാണെണ്ടിവന്ന ആ മാതാപിതാക്കളുടെ ദുഖത്തിലും ഞാന്‍ പങ്കുചേരുന്നു.

Tuesday, February 24, 2009

കേരള ശിക്ഷാ മാര്‍ച്ച്..............

നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ എന്തിനാണാവോ ഇങ്ങനെ മാര്‍ച്ച് നടത്തി കഷ്ടപ്പെടുന്നത്?

കേരളത്തിലെ എല്ലാ നഗരങ്ങളും, വലിയ ഉപ-നഗരങ്ങളും, മിക്കവാറും ചെറുപട്ടണങ്ങളും നിരങ്ങി നിരങ്ങിയാണു പിണറായിയും, ചെന്നിത്തലയും, മുരളിയും ഇനി യാത്ര പ്രഖ്യാപിക്കാന്‍ കാത്തിരിക്കുന്ന മറ്റുള്ളവരും മാര്‍ച്ച് നടത്തുക. ഇങ്ങനെ ഇവര്‍ ചെന്നെത്തുന്ന പ്രദേശങ്ങള്‍ മിക്കതും പത്രമായിട്ടും ടെലിവിഷനായിട്ടും നല്ല കവറേജ് ഉള്ളതാണ്. ഇത്രയും സ്ഥലങ്ങള്‍ പാര്‍ട്ടിക്കൊടിയിലും, ഫ്ലെക്സ് ബോര്‍ഡുകളിലും അലങ്കരിക്കാനും, സമ്മേളനങ്ങള്‍ നടത്താനും, സഞ്ചരിക്കാനും ചിലവാക്കുന്ന പണം കൊണ്ട് മുന്‍നിര ചാനലുകളിള്‍ വഴിയും പത്രപരസ്യങ്ങള്‍ വഴിയും പ്രചരണം നടത്താന്‍ കഴിയും. ടെലിവിഷനും പത്രവും വഴി ലഭ്യമാകുന്ന പരസ്യം സ്വന്തം പാര്‍ട്ടിക്കാരുടെയിടയില്‍ മാത്രമല്ല എന്നതിനാല്‍ പ്രയോജനം കൂടുതലാണുതാനും.

അതുകൊണ്ട് പൊതുജനം എന്ന കഴുതയ്ക്ക് ഇതില്‍ നിന്നും ഒരു കാര്യമേ മനസ്സിലാക്കുവാനുള്ളൂ.
  1. മാര്‍ച്ചുകളുടെ ഉദ്ദേശ്യം ആശയ പ്രചരണമല്ല. കാരണം ദിവസവും പത്രം വായിക്കുന്ന ആളുകളുടെയിടയില്‍ ആശയം പ്രചരിപ്പിക്കാന്‍ ഈ വിദ്യ ഗുണം ചെയ്യില്ല. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഘോര ഘോരം പ്രസംഗിക്കുന്ന് ഈ വേദികളില്‍ മറ്റാര്‍ക്കും അതിനെ വിമര്‍ശിക്കാനും അവസരമില്ല
  2. ഫണ്ട് പിരിവാണ് ഒരു മുഖ്യ ലക്ഷ്യം. എല്ലാ പാര്‍ട്ടിക്കാരും ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തകരോട് ഒരു തുക ആവശ്യപ്പെട്ടിട്ടുണ്ട്.
  3. സാമൂഹ്യ ഗൂണ്ടായിസമാണ് മറ്റോരു ലക്ഷ്യം. ഗതാഗത സ്തംഭനമുണ്ടാക്കുക, റോഡും പരിസരങ്ങളും കയ്യേറി കൊടിതോരണങ്ങള്‍ കെട്ടി അസൌകര്യങ്ങള്‍ ഉണ്ടാക്കുക, നിര്‍ബന്ധമായി പണം പിരിക്കുക തുടങ്ങിയ പ്രവര്‍ത്തികളിലൂടെ സാധാരണക്കാരുടെ പൌരാവകാശങ്ങളില്‍ കൈകടത്താനുള്ള കഴിവ് പ്രകടിപ്പിക്കുക.

ജനങ്ങളുടെ അഭിരുചിക്കും അഭിപ്രായങ്ങള്‍ക്കും യാതൊരു പരിഗണനയും കൊടുക്കാതെ സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തുകയും മന്ത്രിമാരെ നിയമിക്കുകയും ചെയ്യുന്ന നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ക്ക് പോതുജനത്തിനെ ഒന്നും ബോധ്യപ്പെടുത്താനില്ല. ജനം ഒന്നുകില്‍ വോട്ട് ചെയ്യാതെയിരിക്കും അല്ലെങ്കില്‍ ഇടതിനോ വലതിനോ ബീജെപിക്കോ വോട്ട് ചെയ്യും. ആരു ജയിച്ചാലും ജനത്തിനു ഒരുപോലെ.......

പക്ഷെ ജാഥ നടത്തുന്നവരുടെ അവസ്ഥ അതല്ല. അവര്‍ക്ക് പാര്‍ട്ടിയുലുള്ള തങ്ങളുടെ പ്രമാണിത്വം ഹൈക്കമാണ്ടിനെയോ, പീബിയെയൊ ഒക്കെ ബോധ്യപ്പെടുത്തിയേ പറ്റൂ. അതുകൊണ്ട് മാര്‍ച്ചുകള്‍ കലോത്സവങ്ങള്‍ പോലെയാണ്. അവതരിപ്പിക്കുന്നത് പോതുജനത്തിനു മുന്നിലാണെങ്കിലും മാര്‍ക്കിടെണ്ടത് കേന്ദ്രത്തിലെ ജഡ്ജസാണ്.

പാവം ജനങ്ങള്‍........

പറയാതെ വയ്യ

Thursday, February 19, 2009

കിളിമൊഴികള്‍ നിലയ്ക്കുന്നു...........

ഹലോ........ സര്‍...... ഞാന്‍ ഐസിസി ബാങ്കില്‍ നിന്നു ഷീലയാണു വിളിക്കുന്നത്. സാറ് ഒരു പേഴ്സണല്‍ ലോണിനു എലിജിബിള്‍ ആയിട്ടുണ്ട്, അതിനെക്കുറിച്ചു സംസാരിക്കാനാണു വിളിക്കുന്നത്.......

ഹലോ...സര്‍.......ഇത് മോളിയാണ്............ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഏതെങ്കിലും ഉപയോഗിക്കുന്നുണ്ടോ? ഞങ്ങളുടെ കമ്പനി സാറിനു ഒരു ലൈഫ് ടൈം ഫ്രീ ആയ കാര്‍ഡ് അപ്പ്രൂവ് ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ച് ഡീറ്റെയില്‍ ആയി പറഞ്ഞു തരട്ടേ?........

ഹലോ .... സര്‍.... ചില ഇന്‍വെസ്റ്റ്മെണ്ട് പ്ലാനികളെക്കുറിച്ച് ഡിസ്കസ് ചെയ്യാനായി വിളിച്ചതാണ്............ഞാന്‍ സൂസന്‍...ഞങ്ങളുടെ കൊച്ചി ഓഫീസില്‍ നിന്നുമാണ്..........

രാവിലെ മുതല്‍ രാത്രിവരെ ഇങ്ങനെ എത്രയോ അവളുമാരുടെ സ്നേഹവായ്പുകളായിരുന്നു ഒന്നു രണ്ടു വര്‍ഷങ്ങളായി ഞാന്‍ അനുഭവിച്ചു കൊണ്ടിരുന്നത്. എനിക്ക് ആവശ്യത്തിനു പണമില്ലെങ്കിലോ എന്ന വേവലാതിയില്‍......... ഞാന്‍ പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ശങ്കയില്‍........ ഞാന്‍ സമ്പാദിക്കുന്ന പണമെല്ലാം ബുദ്ധിപരമായി ഇന്‍വെസ്റ്റ് ചെയ്യുന്നുണ്ടോ എന്ന ആശങ്കയില്‍........

അവരെല്ലാം എവിടെപ്പോയി? പൊടിപോലുമില്ലല്ലോ കണ്ടുപിടിക്കാന്‍........

ബാങ്കില്‍ കിടന്ന കാശെടുത്ത് കളമൊഴികള്‍ പറഞ്ഞ പ്രകാരം യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് എടുത്തവരും, മ്യൂച്വല്‍ ഫണ്ടു വാങ്ങിയവരും ഇപ്പോള്‍ ഭയങ്കര ഹാപ്പിയാണ്. പക്ഷെ സന്തോഷം അറിയിക്കാന്‍ കിളിമൊഴികളെ കിട്ടിയിട്ടു വേണ്ടേ>>>>>>>>>

കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രാപ്തിയുള്ളവരുടെ കാര്യം സാരമില്ല. പക്ഷെ ഉള്ള കാശ് എഫ്ഡിയായി ബാങ്കില്‍ ഇട്ടിരുന്നവരെ 3 വര്‍ഷം കൊണ്ട് 3 ഇരട്ടി ആയി പെരുകും എന്നു മോഹിപ്പിച്ച് ആപ്പിലാക്കിയതു കഷ്ടമായിപ്പോയി.......... കിളിമൊഴികളും അവരുടെ പിന്നാലെ ആപ്ലിക്കേഷനുമായി വന്ന മാന്യന്മാരും ഒന്നൊര്‍ത്താല്‍ നല്ലത്.

പറ്റിച്ച് സമ്പാദിക്കുന്ന കമ്മീഷന്‍ കൊണ്ട് ചോറുണ്ടാല്‍ ദഹിക്കാന്‍ വിഷമാവും.......... കേട്ടോ..........

പറയാതെ വയ്യ............

Wednesday, February 18, 2009

ഫിലിം അവാര്‍ഡ്.........

ഇന്നത്തെ പത്രത്തിലെ ഫിലിം അവാര്‍ഡ് വാര്‍ത്തവായിച്ചപ്പോള്‍, ആര്‍ക്കൊക്കെ അവാര്‍ഡ് കിട്ടി എന്നാണ് ആദ്യം വായിച്ചു നോക്കിയത്. വായന കഴിഞ്ഞപ്പോള്‍ ആര്‍ക്കെങ്കിലും അവാര്‍ഡ് കിട്ടാതെയുണ്ടോ എന്നായി സംശയം!!!!!!

മോഹന്‍ലാലിനുണ്ട്, മമ്മൂട്ടിക്കുണ്ട്, ജയറാമിനുണ്ട്, ശ്രിനിവാസനുണ്ട്, ജയസൂര്യക്കുണ്ട്, ഇന്ദ്രജിത്തിനുണ്ട്......... അങ്ങനെ നോക്കിയ്യപ്പോള്‍ ഒരു സംശയം.... ഇതൊരു ഡിങ്കോള്‍ഫിക്കെഷന്‍(തട്ടിപ്പ് എന്നര്‍ഥം) അല്ലെ?

പണ്ടൊക്കെ അവാര്‍ഡ് നിരസിക്കലും, ജൂറി അംഗങ്ങളെ ആക്ഷേപിക്കലുമൊക്കെയായിരുന്നു അവാര്‍ഡുകളുടെ ഹൈലൈറ്റ്. സംസ്ഥാന അവാര്‍ഡാണെങ്കില്‍ പ്രധാനമായും ഉദ്ദേശിച്ചിരുന്നത് പ്രേക്ഷകര്‍ക്കൊ, എന്തിന് മാധ്യമങ്ങള്‍ക്കുപോലും കേട്ടുകേള്‍വിയില്ലാത്ത ഒരു സിനിമയെ കണ്ടെത്തി അതിനു മികച്ച ചിത്രത്തുനുള്ള അവാര്‍ഡ് കൊടുക്കുക എന്നതായിരുന്നു. ഇനി അഥവാ അങ്ങനെ ആരും കേട്ടിട്ടില്ലാത്ത ഒരു ചിത്രം കിട്ടിയില്ലെങ്കില്‍ അടുത്ത ചാന്‍സ് വിതരണത്തിനു ആളെകിട്ടാതെ പെട്ടിയില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ക്കാണ്. അതും കിട്ടിയില്ലെങ്കില്‍ പിന്നെ ഏറ്റവും കുറച്ചു പ്രേക്ഷകര്‍ കണ്ട ചിത്രം തിരഞ്ഞെടുത്ത് പ്രശ്നം പരിഹരിക്കും.

സാധാരണക്കാരുടെ കയ്യടി വാങ്ങുന്ന ചിത്രങ്ങള്‍ക്ക് അവാര്‍ഡുകള്‍ കിട്ടിത്തുടങ്ങിയത് ചാനലുകാരും പത്രമാസികകളും അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയപ്പോളാണെന്നതു സത്യം. അവാര്‍ഡികളുടെ എണ്ണംകൂടിയപ്പോള്‍ അതിനോടുള്ള കമ്പവും കുറഞ്ഞു എന്നതും വാസ്തവം.

നിലവില്‍ അവാര്‍ഡുകളുടെ പ്രധാനമായ വശം, അവാര്‍ഡ് ദാന ചടങ്ങും അനുബന്ധമായ ആട്ടവും പാട്ടും കോമഡികളും ചാനലുവഴി ടെലികാസ്റ്റ് ചെയ്യുന്നതാണ്. വെറുതെയല്ലല്ലോ ചാനലുകളും മറ്റ് ഉപ-സ്പോണ്‍സര്‍മാരും കൂടി ഈ കാശെല്ലാം കൈയയച്ചു ചിലവാക്കുന്നത്. ഒരു ലൈവ് ഷോ, അതുകഴിഞ്ഞ് പ്രൈംടൈമില്‍ ഒരു റീ-ടെലിക്കാസ്റ്റ്, പിന്നെ പലപ്പോഴായി തുണ്ടു തുണ്ടായി വേറെയും. ഇതില്‍ നിന്നെല്ലാം കൂടിക്കിട്ടുന്ന പരസ്യവരുമാനം നോക്കിയാല്‍ മറ്റോരു 20-20 പരുപാടിയാണിത് എന്ന് സംശയിക്കാതെ പറയാം. താരങ്ങളുടെ എണ്ണമനുസരിച്ച് പരസ്യവരുമാനം കൂടും. അതുകൊണ്ട് മുന്തിയ താരങ്ങള്‍ക്കൊക്കെ ഒരു ദിവസത്തെ കാള്‍ഷീറ്റിനുള്ള കാശും, അതിനുപുറമെ അവാര്‍ഡ് എന്നു പറഞ്ഞ് ഒരു പോക്കറ്റ്മണിയും കൊടുത്ത് സ്റ്റേജില്‍ എത്തിച്ചാലേ സംഭവം കേമം ആകൂ.
അതായത് സിനിമയെന്തായാലും നടന്മാര്‍ക്കൊക്കെ അവാര്‍ഡു കൊടുത്തേപറ്റൂ എന്നൂ സാരം.

ലാഭം..... ലാഭം....... അവാര്‍ഡു കൊടുക്കുന്നവര്‍ക്കും..... മേടിക്കുന്നവര്‍ക്കും

സ്വര്‍ണ്ണവും തുണിയും കാറും കോസ്മെറ്റിക്സും മാത്രമല്ല, എണ്ണയും സോപ്പും കറിപൌഡറുകളും, പാലും എന്നുവേണ്ട.... ഉപ്പു വാങ്ങിച്ചാലും ഒരിത്തിരി കാശ് കമ്പനിക്കാര് ഈ അവാര്‍ഡ് ചിലവിലേക്കായി പിരിക്കുന്നുണ്ട്....
ഓ... അതൊരു നഷ്ടമായിട്ടു കൂട്ടാനില്ലന്നേ....... നമ്മുടെ ചിലവിലാണെങ്കിലും, നമുക്കുവേണ്ടിയല്ലേ അവരീ കഷ്ടപ്പെടുന്നേ???

എന്നാലും പറയാതെ വയ്യ..........

ഹൈക്കൊടതി ബെഞ്ച്......

ദേവന്മാരും, അസുരന്മാരും, മുനികളും, മനുഷ്യരും എല്ലാവരും കൂടി ഒന്നിച്ച് ആവശ്യപ്പെട്ടിട്ടും കനിയാത്ത ഒരു ദേവേന്ദ്രന്‍ നമ്മുടെ നാടു ഭരിക്കുന്നുണ്ടോ? ഹൈക്കൊടതി ബെഞ്ച് സമരം കാണുമ്പോള്‍ മനസ്സില്‍ വന്നുപോയ ഒരു സംശയമാണിത്. എല്‍.ഡി.എഫ്-നു സമ്മതം, യു.ഡി.എഫ്-നു സമ്മതം, സംഘപരിവാറിനും മറ്റുള്ള ചില്ലറകള്‍ക്കും സമ്മതം.....

പിന്നെയാര്‍ക്കാണു വിസമ്മതം????

തിരുവനന്തപുരം നഗരത്തില്‍ വൃത്തിയുള്ള ഒരു പബ്ലിക്ക് മൂത്രപ്പുരയില്ല, റോഡില്‍ പലയിടത്തും ഫൂട്ട്പാത്തില്ല, ബസ് നിര്‍ത്താന്‍ സ്റ്റോപ്പുകളില്‍ സ്ഥലമില്ല.... അല്പം പണവും ആത്മാര്‍ഥതയുമുണ്ടെങ്കില്‍ പരിഹരിക്കാനാവുന്ന (അതും 90% ജനങ്ങളെയും ബാധിക്കുന്ന) ഇതുപോലെയുള്ള പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിച്ച് ഹൈക്കൊടതി ബെഞ്ചാണു തിരുവനന്തപുരംകാരുടെ ഹൃദയത്തിലെ ബ്ലോക്ക് എന്നമട്ടില്‍ നടക്കുന്ന ഇവരെ എന്തുചെയ്താല്‍ മതിയാവും.......

പറയാതെ വയ്യ.........

ഈ ബഞ്ച് ഒരിക്കലും കിട്ടല്ലേ ഈശ്വരാ........

പറയാനും വയ്യ.... പറയാതെയും വയ്യ....

പിന്നെ എന്താ ചെയ്ക........
പറയുക തന്നെ.........
എന്നോട് ദേഷ്യം തോന്നരുത് കേട്ടോ......
പറയാതെ വയ്യ......... അതുകൊണ്ടാ പറഞ്ഞു പോകുന്നത്....