Friday, February 27, 2009

കലാലയ വിദ്യാഭ്യാസം അഥവാ വിദ്യാലയ കലകളും അഭ്യാസങ്ങളും

ഇന്ത്യന്‍ ശിക്ഷാനിയമത്തിനു സാധിക്കുന്നത് അതു ചെയ്തു. ഇതുകൊണ്ട് എല്ലാവരും തൃപ്തിപ്പെടണം. അപ്പീലു കൊടുക്കുന്നതനുസരിച്ച് ശിക്ഷ വെട്ടിക്കുറയ്ക്കുന്നതാണു നമ്മുടെ കോടതികളുടെ യഥാര്‍ഥ ശക്തി എന്ന് നാം പണ്ടേ മനസ്സിലാക്കിയതാണല്ലോ. വധശിക്ഷയ്ക്ക് വിധിച്ചു കിടക്കുന്ന നളിനിയെയോ അഫ്സല്‍ ഗുരുവിനെയോ തൂക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല, പിന്നെ വെറുതെ എന്തിനാ ശിക്ഷക്കുന്നത് എന്നു കോടതിക്കു തോന്നിയാലും കുറ്റം പറയാന്‍ കഴിയില്ല. ആ നിലയ്ക്ക് പരിശോധിച്ചാല്‍ വെറും കൂട്ടബെലാത്സംഗത്തിനു പത്ത് വര്‍ഷം തടവ് എന്നത് ഒരു വലിയ കാര്യം തന്നെ.

റാഗിംഗ് എന്നത് ഒരു കലാരൂപം എന്നതില്‍ നിന്നും ഒരു കായിക വിനോദമായി മാറിയിട്ട് കാലം കുറെയായി. അസ്സൈന്മെന്റ് എഴുതിക്കുക, വെയിലത്തു നിര്‍ത്തുക, കലാപരിപാടികള്‍ അവതരിപ്പിക്കുക, അസഭ്യം പറയുക മുതല്‍ നഗ്നമായി പരേഡ് നടത്തിക്കുന്നതു വരെയായിരുന്നു പഴയ റാഗിംഗ്. എന്നാല്‍ അതില്‍നിന്നും പുരോഗമിച്ച് ശാരീരിക മര്‍ദ്ദനമേല്‍പ്പിക്കുക, പണം പിരിക്കുക, ലൈംഗിക ചൂഷണം നടത്തുക എന്നീ നിലയിലേക്കു നീങ്ങിയപ്പോളാണു സംഗതി കോടതിയുടെ നിരീക്ഷണത്തിലേക്കു നീങ്ങിയത്. എന്തുകൊണ്ടാണു റാഗിംഗിനു പൊതുസമൂഹത്തില്‍ ഉള്ള അത്രയും ഗൌരവം കാമ്പസില്‍ ലഭിക്കാത്തത്?

ഒരു കോളേജില്‍ ഇന്നു നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തികളില്‍ പത്തു ശതമാനം പോലും റാഗിംഗ് ഗണത്തില്‍ വരില്ല എന്നതാണു അതിനു കാരണം. നമ്മുടെ മിക്കവാറും കലാലയങ്ങളില്‍ നടക്കാറുള്ള ചില കലകളും അഭ്യാസങ്ങളും ഞാന്‍ താഴെ വിവരിക്കാം
  1. ബ്ലേഡ് പിരിവ് : പുറത്തുള്ള ചില ബ്ലേഡ് ഗുണ്ടകളുടെ സഹായത്തോടെ ആവശ്യക്കാര്‍ക്ക് പണം കൊടുക്കുക പിരിക്കുക. പണം കിട്ടിയില്ലെങ്കില്‍ ഗുണ്ടായിസം നടത്തുക.
  2. ഗുണ്ടായിസം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി കാമ്പസിലും പുറത്തും കൂലിത്തല്ല് നടത്തുക. ബ്ലേഡുകാരുടെ ഗുണ്ടയാകുക. വായ്പാ തവണകള്‍ അടയ്ക്കാത്ത വണ്ടികള്‍ പിടിച്ചെടുക്കുന്ന ക്വോട്ടേഷന്‍ ഗാങ്ങില്‍ ചേരുക
  3. മദ്യം, മയക്കുമരുന്ന്, കഞ്ചാവ് മുതല്‍ ബ്ലൂ ഫിലിം വരെ വിതരണം
  4. പണത്തിനു വേണ്ടിയുള്ള സ്വവര്‍ഗ്ഗ രതി, വ്യഭിചാരം. സ്റ്റേജ് പ്രൊഗ്രം കോമ്പീയറിംഗ്, ഗ്രൂപ്പ് ഡാന്‍സ്, സീരിയല്‍ തുടങ്ങിയവയുടെ മറവില്‍ ആണു പലതും നടക്കുക
  5. പ്രണയം എന്ന സെറ്റപ്പ്: ഒഴിഞ്ഞ ക്ലാസ്സ് മുറികളില്‍, ലാബുകളില്‍, പരിസരത്തെ കുറ്റിക്കാടുകളില്‍, ഇന്റെര്‍നെറ്റ് കഫെകളില്‍, വാടക വീടുകളില്‍ എന്നുവേണ്ട ആളൊഴിഞ്ഞ ഏതു സ്ഥലത്തും വാത്സ്യായന മുറകള്‍ പരീക്ഷിക്കപ്പെടുന്നു. ആണും പെണ്ണും തമ്മിലുള്ള ഈ ഏര്‍പ്പാട് പുതുമയുള്ളതല്ലെങ്കിലും ഇതിനുണ്ടായിരുന്ന രഹസ്യ സ്വഭാവം ഇപ്പോളില്ല എന്നാതാണു പ്രത്യേകത. ആരും ഒളിച്ചും പാത്തും ഒന്നും മുങ്ങാറില്ല. പലപ്പോഴും ഗാങ്ങായി ഒന്നിച്ചാണു പോകുന്നതും. സ്റ്റഡി ടൂറുകളെപ്പറ്റി പറയേണ്ടതില്ലല്ലോ.......

മോക്ഷണം ഉള്‍പ്പെടെ ഇതില്‍ എഴുതാത്ത പലതും വേറെയുണ്ട്. ഇതില്‍ പലതും സമൂഹത്തിലെ രോഗങ്ങളുടെ പകര്‍ച്ച മാത്രമാണ്. ഇതില്‍ പലതും നിയന്ത്രിക്കണമെങ്കില്‍ ആദ്യം നമ്മുടെ പൊതുസമൂഹത്തില്‍ വേണം നിയമം വാഴിക്കാന്‍. കാമ്പസിലെ ഇത്തരം പ്രവര്‍ത്തികള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പലിനെ രാഷ്ട്രീയക്കാര്‍ ഭീഷണിപ്പെടുത്തിയത് എനിക്ക് നേരിട്ടറിയാം. ഇതൊക്കെ നടക്കുന്ന കാമ്പസുകളില്‍ ഒരു ബലാത്സംഗം വലിയ വാര്‍ത്തയാകില്ല.

ഇത് സമൂഹത്തിനു സംഭവിച്ച ക്രിമിനലൈസേഷന്‍ മൂലം മാത്രമാണ്. റാഗിംഗ് എന്നും പറഞ്ഞ് രോഷം കൊള്ളുന്ന രാഷ്ട്രീയക്കാരും പോലീസും ആദ്യം തങ്ങളുടെ ഉത്തരവാദിത്വം തിരിച്ചറിയണം. നിങ്ങളുടെ ചട്ടുകങ്ങളായി കലാലയങ്ങളില്‍ രക്തസാക്ഷികളായവരോ, ഭാവി തുലച്ചവരോ, അപമാനിക്കപ്പെട്ടവരോ ആയ ആയിരങ്ങളില്‍ ഒരാളാണീ പെണ്ണ്. അങ്ങനെ മക്കള്‍ നശിച്ചു പോയതുവഴി ജീവിതം തീരാദുരിതത്തിലും കണ്ണീര്‍ക്കടലിലുമായവരും ആത്മഹത്യ ചെയ്തവരും ആയ മാതാപിതാക്കളുടെ നാടാണിത്. നിങ്ങള്‍ക്കു വേണ്ടി വാളെടുത്തവരായലും, നിങ്ങള്‍ കൊടുത്തവാളിനിരയായവരായാലും അവരുടെ മാതാപിതാക്കളുടെ കണ്ണുനീര് ഒരു പോലെ തന്നെ.

മക്കള്‍ക്ക് നല്ല ജീവിത മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ സാധിക്കാത്ത ആ മാതപിതാക്കളെക്കാല്‍ നമ്മുടെ നിയമ വ്യവസ്ഥയുടെയും, നിയമ പാലകരുടെയും, രാഷ്ട്രിയ-മത നേതാക്കളുടെയും പരാജയമാണിതെന്ന തിരിച്ചറിവില്‍, മുണ്ടക്കയംകാരിയായ ആ സഹോദരിയുടെ മാതാപിതാക്കളുടെ മാത്രമല്ല, സ്വന്തം മക്കളെ സമൂഹം കല്ലെറിയുന്നതു കാണെണ്ടിവന്ന ആ മാതാപിതാക്കളുടെ ദുഖത്തിലും ഞാന്‍ പങ്കുചേരുന്നു.

No comments:

Post a Comment