Tuesday, March 31, 2009

അറിയാത്ത പിള്ളകള്‍ (ഇലക്ഷന്‍ കളക്ഷന്‍ - 5)

സ്വാര്‍ഥതയ്ക്ക് ന്യായത്തിനോട് ചേര്‍ന്നു നില്‍ക്കാന്‍ മിക്കവാറും സാധിക്കാറില്ല. അത് ദുഖത്തെ ക്ഷണിച്ചു വരുത്തൂം. സ്വയം നശിക്കാന്‍ ഇടവരുത്തും, ചിലപ്പോള്‍ കൂടെ നില്‍ക്കുന്നവരെക്കൂടി തോല്‍പ്പിക്കും. പക്ഷെ ഇത് അറിയില്ലാത്ത രണ്ടുപേരെക്കുറിച്ചാണിവിടെ കുറിക്കുന്നത്

പിണറായിക്ക് അറിയാത്തത്: മദനിയുടെ പേരില്‍ കിട്ടുന്ന ഓരോ വോട്ടിനും പകരം മദനിയില്ലാതെ കിട്ടുന്ന അഞ്ച് വോട്ടെങ്കിലും നഷ്ടപ്പെടും എന്നത്.

മാണിക്ക് അറിയാത്തത്: മക്കള്‍ രാഷ്ട്രീയം ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും, മക്കളെ നേതാവാക്കാനുള്ള ശ്രമത്തിലാണു പല അപ്പന്മാര്‍ക്കും നിലനില്‍പ്പ് പോലും ഇല്ലാതെയായതെന്നും.

അറിയാത്ത പിള്ളകള്‍ക്ക്, ചൊറിയുമ്പോള്‍ അറിയും

Saturday, March 21, 2009

ഒരു കോണ്‍ഗ്രസ് മര്യാദകേട്.... (ഇലക്ഷന്‍ കളക്ഷന്‍-4)

മൂന്ന് സിറ്റിംഗ് എം.എല്‍.എ മാരെ സ്ഥാനാര്‍ഥികളാക്കുക................. എന്തൊരു മര്യാദകേടാണിത്?
കോണ്‍ഗ്രസ്സില്‍ പൊതുജന അംഗീകാരമുള്ളവര്‍ അത്രയ്ക്ക് ചുരുക്കമാണോ? 20 പേരെ തികച്ച് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുവാന്‍ കഴിയാത്തത്ര മോശമാണോ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉള്ളവരുടെ ഇമേജ്? ഒരു തരത്തില്‍ പറഞ്ഞാല്‍ ടോം വടക്കനും ശശി തരൂരും പരിഗണിക്കപ്പെട്ടതിനെ ഇതുമായി കൂട്ടിവായിക്കാം. അതായത് നിലവിലുള്ള കോണ്‍ഗ്രസ്സ് നേതാക്കളില്‍ എം.പീയോ, എം.എല്‍.എ യൊ അല്ലാത്തവരില്‍ കഴിവുള്ള 13 മാന്യന്മാരെയേ ഇതുവരെ കണ്ടെത്താന്‍ പറ്റിയുള്ളൂ.

മിസ്റ്റര്‍ ചെന്നിത്തല.......... മൂന്ന് എം.എല്‍.എ മാരുടെ ഒഴിവുണ്ടായാല്‍, വീണ്ടും ഖജനാവിലെ പണം ചിലവാക്കി ഇലക്ഷന്‍ നടത്തേണ്ടി വരും. അതും വിദേശത്തുനീന്നും കടം വാങ്ങിയ പണം........ ഒരു നല്ല പൌരന്‍ അതിനു കൂട്ടുനില്‍ക്കാന്‍ പാടുണ്ടോ? ഖജനാവിലെ പണം ഞങ്ങള്‍ക്കും അവകാശപ്പെട്ടതല്ലേ?

അത് കൊണ്ട് തല്‍ക്കാലം അവര്‍ എം.എല്‍.എ-മാരായിത്തന്നെ തുടരട്ടെ.........

ഒരു മാറ്റത്തിനു ഇനിയും സമയമുണ്ട്. പറ്റില്ലെന്നുണ്ടെങ്കില്‍ പൌരബോധത്തോടെ ആ തീരുമാനമെടുക്കാന്‍ ഞങ്ങളിലെ കോ‍ണ്‍ഗ്രസ്സുകാര്‍ക്ക് പോലും കഴിയും.......

Friday, March 20, 2009

എന്തോരു പുത്തി.......(ഇലക്ഷന്‍ കളക്ഷന്‍ 3)

രാഷ്ട്രീയത്തില്‍ ബുദ്ധിയുടെ സ്ഥാനത്തെപ്പറ്റി സിനിമകളില്‍ ചില നെടുനീളന്‍ ഡയലോഗുകളില്‍ കേട്ടിട്ടുള്ളവര്‍ക്ക് കണ്ടു മനസ്സിലാക്കാന്‍ ഒരു ഉദാഹരണം.

കേരളത്തിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പിലെടുക്കുന്ന ഒരു സമീപനം ഓരോ ഇലക്ഷനും പക്ഷം മാറി വോട്ട് ചെയ്യുക എന്നതാണ്. അതായത് ഇപ്രാവശ്യം ഇടതിന് അടുത്തത് വലത്തിന് എന്നിങ്ങനെ. പ്രത്യേകമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ഭരണവും അങ്ങനെ തന്നെ പക്ഷം മാറിക്കിട്ടാറുണ്ട്. ആ നിലയ്ക്ക് നോക്കിയാല്‍ ഇപ്രാവശ്യം ജയസാധ്യത കോണ്‍ഗ്രസ് പക്ഷത്തിനാണ് എന്ന് കണക്കുകൂട്ടാം.

എല്ലാവരും സ്ഥാനാര്‍ത്ഥി പട്ടിക വായിച്ചല്ലോ...........

ഇടതുപക്ഷത്ത് നിറയെ യുവാക്കള്‍..... തോക്കും എന്ന് ഉറപ്പുള്ള കളിയില്‍ പിള്ളേരെ ഇറക്കി കളിപ്പിക്കാം. ഒത്താല്‍ ഊട്ടി ഇല്ലെങ്കില്‍ ചട്ടി. തോല്‍ക്കുന്നവനൊന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തി വിടര്‍ത്തില്ല. അതോടെ തലപ്പത്തുള്ളവര്‍ക്ക് സമാധാനമായി തുടരാം. ഇനി അഥവാ ജയിച്ചാലും അങ്ങ് ദീല്ലിയില്‍ പോയി കിടന്നോളും. ജയിച്ചാലും തോറ്റാലും സീറ്റ് തന്ന സെക്രട്ടറിയോട് എന്നും വിധേയത്വവും ഉണ്ടാകും.

കോണ്‍ഗ്രസ്സിലോ.......... എല്ലാം പയറ്റി തെളിഞ്ഞവര്‍. ജയിക്കാന്‍ സാധ്യതയുള്ള സമയത്ത് സീറ്റ് കിട്ടാന്‍ തലപ്പത്തുള്ളവര്‍ ആഞ്ഞു പയറ്റുന്നു. ഇവിടെ ചെറുപ്പക്കാരെ വളര്‍ത്താനോ, പുതുമുഖങ്ങളെ കൊണ്ടുവരുന്നതോ ആലോചിക്കാനേ പറ്റില്ല. ലിസ്റ്റ് വന്നപ്പോള്‍ എല്ലാം പല ഗ്രൂപ്പിലെയും നേതാക്കള്‍ തന്നെ. അടുത്ത മുഖ്യമന്ത്രി സ്ഥാനം നോട്ടമിട്ടു നില്‍ക്കുന്ന ചിലരാകട്ടെ ഉമ്മന്‍ ചാണ്ടി കൊടുക്കുന്ന ദില്ലി ടിക്കറ്റ് കൈപ്പറ്റാതെ ഓടി ഓളിക്കുന്നു. എന്നെ എം പീ ആക്കല്ലേ എന്ന് സോണിയയോട് കെഞ്ചുന്നു.

ബാറ്റിങ്ങ് പിച്ചില്‍ ക്യാപ്റ്റനു തന്നെ ഓപ്പണിംഗ് ചെയ്യണം
ബൌളിംഗ് പിച്ചാണെങ്കില്‍ ഏതെങ്കിലും വാലറ്റക്കാരനെ ഇറക്കാം....

അപാര ബുദ്ധി തന്നെ..........

Thursday, March 12, 2009

ജാതി ചോദിച്ചേ പറ്റൂ....... (ഇലക്ഷന്‍ കളക്ഷന്‍ -2)

ലത്തീന്‍ വിഭാഗത്തിനു സ്വാധീനമുള്ള മേഘലകളില്‍ അവര്‍ക്ക് സീറ്റുവേണം. സമുദായത്തിലെ എത്ര പേര്‍ക്ക് സീറ്റുനല്‍കി എന്നതിനനുസരിച്ച് വെള്ളാപ്പള്ളി തീരുമാനമെടുക്കും. കൃസ്ത്യന്‍ മേഘലകളില്‍ സ്ഥാനാര്‍ഥികളെ ബിഷപ്പ് നിര്‍ദ്ദേശിക്കും. മുസ്ലിം ഭൂരിപക്ഷമുള്ളയിടങ്ങളില്‍ അത് പരിഗണിച്ചേ പറ്റൂ.

എന്തിനാണു നമ്മള്‍ ഈ മതേതരത്വവും സോഷ്യലിസവും പാടി തൊണ്ട വറ്റിക്കുന്നത്. സെന്‍സസ് എടുത്ത് ഓരോ മതവിഭാഗങ്ങളുടെയും ശതമാനം അനുസരിച്ച് സീറ്റ് വീതം വെക്കുക. മതം ഇല്ലാത്തവരെയും ഒരു ഗ്രൂപ്പാക്കി കണക്കാക്കി ഒരു വീതം കൊടുക്കാം. ആകെ 20 സീറ്റല്ലേയുള്ളൂ അതുകൊണ്ട് കുറച്ച് സീറ്റുകള്‍ സംവരണം ചെയ്ത് എണ്ണം കുറവുള്ള ഉപവിഭാഗങ്ങള്‍ക്ക് റൊട്ടേഷന്‍ രീതിയില്‍ കൊടുക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന രീതിയേ ഒഴിവാക്കി മതാടിസ്ഥാനത്തില്‍ വേണമെങ്കിലും കാര്യങ്ങള്‍ നീക്കാം. അതാവുമ്പോ മതസൌഹാര്‍ദ്ദവും മെച്ചപ്പെടും. ഉദാഹരണത്തിന്, കത്തോലിക്കരുടെ മേള്‍ക്കൊയ്മ ഇഷ്ടപ്പെടാത്ത ലത്തീന്‍കാരും, നായന്മാരുമായി ചേരാത്ത ഈഴവരും സഹകരിച്ചു പ്രവര്‍ത്തിച്ചേക്കാം. കാരണം സംവരണം പോലെ ചില കാര്യങ്ങളില്‍ അവര്‍ക്ക് യോജിപ്പുണ്ടല്ലോ. അങ്ങിനെ മതസൌഹാര്‍ദ്ദത്തിനു പുതിയ മാനങ്ങളും ലഭിക്കും.

കാലക്രമേണ എല്ലാം മതാടിസ്ഥാനത്തില്‍ ആക്കാം. കേരളത്തിലെ ഓരോ മതവിഭാഗങ്ങളിലെയും വിശ്വാസികളുടെ കയ്യിലുള്ള മൊത്തം ഭൂമിയുടെ അളവ് അതാതു മതത്തിനുള്ള ശതമാന അനുപാതത്തില്‍ കൂടാന്‍ പാടില്ല. സര്‍ക്കാര്‍ ജോലി, സ്വകാര്യ ജോലി, സ്കൂളുകളിലും കോളേജുകളിലും ഉള്ള സീറ്റ് തുടങ്ങി എല്ലാം ഓരോ മതത്തിനും ജനസംഖ്യാപ്രകാരമുള്ള ശതമാനക്കണക്ക് വെച്ച് നിജപ്പെടുത്തണം. വിഭവങ്ങള്‍ പോലും ഈ രീതിയില്‍ വിഭജിക്കാം. മുസ്ലിങ്ങള്‍ 20% ഉണ്ടെക്കില്‍ അവര്‍ക്ക് കേരളത്തില്‍ ഓരോ മാസവും വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെയും ഗ്യാസിന്റെയും 20%ത്തില്‍ കൂടുതല്‍ കൊടുക്കാന്‍ പാടില്ല.

മതാതിഷ്ഠിത ജനാധിപത്യത്തിനു ജയ് ഹോ.........

മഹാഗുരോ മാപ്പ്.......... ജാതി ചോദിച്ചേ പറ്റൂ...........

Wednesday, March 11, 2009

ഇലക്ഷന്‍ കളക്ഷന്‍ ----- 1

ഭാവിയെന്താണ് എന്നതില്‍ സിപിഐ-ക്കോ, ദളിനോ, ആര്‍എസ്പി-ക്കൊ സംശയമുണ്ടാകാന്‍ വഴിയില്ല. അത് ശൂന്യത തന്നെ. കേവലം ഈ ഇലക്ഷനിലെ മാത്രം പ്രശ്നമല്ല അത്, ഇനി വരുന്ന ഓരോ തിരഞ്ഞെടുപ്പിലും അവരുടെ കാല്‍ചുവട്ടിലെ മണ്ണ് കുറേശ്ശെയായി ഒഴുകിപ്പോയ്ക്കൊണ്ടേയിരിക്കും. ആദ്യം കേന്ദ്രത്തിലേക്ക് തിരഞ്ഞെടുപ്പിനു നില്‍ക്കേണ്ട ആവശ്യം ഇല്ല എന്നു സി പി എം അവരെ ബോധ്യപ്പെടുത്തും പിന്നെ പതിയെ സംസ്ഥാന തിരഞ്ഞെടുപ്പിലും. ഈ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്നും രക്ഷപെടാന്‍ അവര്‍ക്കാകുമെന്ന് തോന്നുന്നില്ല. ചെറുപാര്‍ട്ടികള്‍ ഇല്ലാതകുന്നത് ഗുണകരമാണെന്ന് കഴിഞ്ഞകുറേ ഭരണങ്ങള്‍ തെളിയിച്ചു. ഒറ്റ എം പി പാര്‍ട്ടികള്‍ വരെ വിലപേശുന്ന കാഴ്ച്ച നമ്മള്‍ കണ്ടു. എങ്കിലും ഇവരൊക്കെ ഇടതുപക്ഷമാണ് എന്ന് ജനങ്ങള്‍ക്കുള്ള തോന്നല്‍ പലപ്പോഴും നിലനിര്‍ത്തിയത് സിപീഐ-യുടെയും മറ്റും ഇടപെടലുകളായിരുന്നു. പക്ഷേ നട്ടെല്ലോടെ നിലനിലക്കണം എന്ന ചിന്ത അവര്‍ക്കില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും!
മറു വശത്ത് കോണ്‍ഗ്രസ്സിലാണെങ്കില്‍ കരസേനക്കാരുടെ മോട്ടോര്‍ സൈക്കിള്‍ അഭ്യാസം പോലെ ഒരു യുഡിഎഫ് ബൈക്കില്‍ പത്തോളം പേരാണ് ബാലന്‍സ് ചെയ്ത് നില്‍ക്കുന്നത്. പ്രത്യേക പ്രത്യയശാസ്ത്രമോ നയമോ ഇല്ലാത്തതുകൊണ്ട് അവിടെ ആര്‍ക്കും കൂടാം. ഇടതുപക്ഷമായാല്‍ അല്പം മതേതരം കാണിക്കണം, ന്യൂനപക്ഷത്തെ പ്രേമിക്കണം, സംവരണത്തെ അനുകൂലിക്കണം അങ്ങനെ പലവിധ പ്രശ്നങ്ങളാണ്. സംഘപരിവാറില്‍ ആണെങ്കില്‍ ഒരു ഹിന്ദു അജണ്ടയുണ്ടായേ പറ്റൂ. പള്ളി പോളിച്ചത് തെറ്റായി എന്നും പറഞ്ഞ് അവിടെ നില്‍ക്കാന്‍ പറ്റില്ല. പക്ഷെ യു ഡി എഫ് എന്നാല്‍ കടലുപോലെയാണ്. അവിടെ എന്തും ലയിക്കും. എടുക്കുന്ന നയങ്ങളൊ, ചെയ്യുന്ന പ്രവര്‍ത്തിയോ ആരാലും ചോദ്യംചെയ്യപ്പെടില്ല. എല്ലാവര്‍ക്കും എന്തുമാവാം. അല്ലെങ്കിലും അന്തസ്സ് മാന്യന്മാര്‍ക്കാണല്ലോ നിര്‍ബന്ധം.
ജനം ഇതോക്കെ കണ്ടു നില്‍ക്കുന്നു എന്നത് ഇവര്‍ക്കൊന്നും ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല. ഇനിയൊട്ടാവുമെന്നും തോന്നുന്നില്ല. തോന്നണമെങ്കില്‍ മറിച്ചൊരഭിപ്രായം രേഖപ്പെടുത്താന്‍ ജനത്തിനു അവസരം കിട്ടണം. അത് ആര് കൊടുക്കാന്‍!!!

Thursday, March 5, 2009

ടെലി-വിഷ-ബാധ

ടെലിവിഷബാധയില്‍ മയങ്ങിക്കിടക്കുന്ന കുടുംബംങ്ങളുടെ അറിവിലേക്ക്:

ടി വി കേടായത് സ്വാഭാവികമായിട്ടാണെങ്കിലും കുറ്റം 5 വയസ്സുകാരനില്‍ അടിച്ചേല്‍പ്പിച്ചു. കാര്‍ട്ടൂണ്‍ ചാനലിലെ ശബദകോലാഹലങ്ങള്‍ അവന്‍ ഉറക്കമുണര്‍ന്നിരിക്കുന്ന മുഴുവന്‍ സമയവും‍ കേട്ടുകൊണ്ടിരിക്കുക വഴി തലയ്ക്ക് പിടിച്ച മത്ത് ഒന്നിറങ്ങട്ടെ എന്ന തീരുമാനത്തിലായിരുന്നു ടി വി നന്നാക്കുന്നത് തല്‍ക്കാലത്തേക്ക് മാറ്റി വെച്ചത്.

അരക്കെട്ടിളക്കി പെണ്‍പിള്ളേര്‍ തുള്ളുന്നതും, ചെറുക്കന്‍ ഉറക്കം പിടിച്ചു കഴിഞ്ഞാല്‍ ഫാഷന്‍ ചാനലില്‍ വിക്ടൊറിയാ സീക്രട്ട് കമ്പനിക്കാരുടെ പുതിയ തുണിക്കഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും കാണാന്‍ കഴിയില്ലെല്ലോ എന്നൊരു പ്രശ്നം മനസ്സില്‍ പൊങ്ങി വന്നെങ്കിലും, ശരത്ത് പറയുന്ന വൃത്തികേടുകളും മായം ചേര്‍ത്ത പുരാണ കഥകളും കാണേണ്ടല്ലോ എന്നോര്‍ത്ത് ആശ്വാസം കൊണ്ടു.

പക്ഷെ ആശങ്കകളെല്ലാം അകറ്റി തെളിഞ്ഞു വന്നത് ഒരു പുതിയ ജീവിതമായിരുന്നു. ജെറ്റിക്സ് ചാനല്‍ കാണാതിരുന്നപ്പോള്‍ മകന്‍ അക്രമസ്വഭാവം ഉപേക്ഷിച്ച് നോര്‍മ്മല്‍ ആയി. മകനും അമ്മയും തമ്മിലുള്ള സംഘര്‍ഷം വളരെക്കുറഞ്ഞു. വൈകുന്നേരം വീട്ടിലെത്തിയാല്‍ ഭാര്യയോട് സംസാരിക്കുവാന്‍ ധാരാളം സമയം. സീരിയലുകള്‍ ഇല്ലാത്തത് കൊണ്ട് ഭാര്യയ്ക്ക് തിരക്കൊന്നുമില്ല. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു, നേരത്തെ കിടന്ന് ഉറങ്ങുന്നു. മനസ്സമാധാനം കൂടി..കുടുംബ ജീവിതം മെച്ചപ്പെട്ടു.

ടിവി കാണാതെ ഇരിക്കുമ്പോള്‍ വിനോദത്തിലും വിജ്ഞാനത്തിലും ചില നഷ്ടം ഉണ്ടെങ്കിലും ജീവിതം മുടങ്ങിപ്പോകുന്ന പ്രതിസന്ധിയൊന്നും ഇല്ലെന്ന് മനസ്സിലായി.

ഒരു ചെയ്ഞ്ചിനെങ്കിലും ഒരൂ മാസത്തേക്ക് ടിവി പൂട്ടിവെക്കുക. ഹൃദ്യമായ ഒരനുഭവം ആകുമത്. ഉപേക്ഷിച്ച് ചില ഹോബികള്‍, ചില്ലറ കളിതമാശകള്‍, ഇഷ്ടപ്പെട്ട് ചെയ്ത്തിരുന്ന വീട്ടിലെ റിപ്പയര്‍ ജോലികള്‍......... അങ്ങനെ പലതും വീണ്ടും ഓര്‍മ്മയിലേക്ക് എത്തും........