Wednesday, March 11, 2009

ഇലക്ഷന്‍ കളക്ഷന്‍ ----- 1

ഭാവിയെന്താണ് എന്നതില്‍ സിപിഐ-ക്കോ, ദളിനോ, ആര്‍എസ്പി-ക്കൊ സംശയമുണ്ടാകാന്‍ വഴിയില്ല. അത് ശൂന്യത തന്നെ. കേവലം ഈ ഇലക്ഷനിലെ മാത്രം പ്രശ്നമല്ല അത്, ഇനി വരുന്ന ഓരോ തിരഞ്ഞെടുപ്പിലും അവരുടെ കാല്‍ചുവട്ടിലെ മണ്ണ് കുറേശ്ശെയായി ഒഴുകിപ്പോയ്ക്കൊണ്ടേയിരിക്കും. ആദ്യം കേന്ദ്രത്തിലേക്ക് തിരഞ്ഞെടുപ്പിനു നില്‍ക്കേണ്ട ആവശ്യം ഇല്ല എന്നു സി പി എം അവരെ ബോധ്യപ്പെടുത്തും പിന്നെ പതിയെ സംസ്ഥാന തിരഞ്ഞെടുപ്പിലും. ഈ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്നും രക്ഷപെടാന്‍ അവര്‍ക്കാകുമെന്ന് തോന്നുന്നില്ല. ചെറുപാര്‍ട്ടികള്‍ ഇല്ലാതകുന്നത് ഗുണകരമാണെന്ന് കഴിഞ്ഞകുറേ ഭരണങ്ങള്‍ തെളിയിച്ചു. ഒറ്റ എം പി പാര്‍ട്ടികള്‍ വരെ വിലപേശുന്ന കാഴ്ച്ച നമ്മള്‍ കണ്ടു. എങ്കിലും ഇവരൊക്കെ ഇടതുപക്ഷമാണ് എന്ന് ജനങ്ങള്‍ക്കുള്ള തോന്നല്‍ പലപ്പോഴും നിലനിര്‍ത്തിയത് സിപീഐ-യുടെയും മറ്റും ഇടപെടലുകളായിരുന്നു. പക്ഷേ നട്ടെല്ലോടെ നിലനിലക്കണം എന്ന ചിന്ത അവര്‍ക്കില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും!
മറു വശത്ത് കോണ്‍ഗ്രസ്സിലാണെങ്കില്‍ കരസേനക്കാരുടെ മോട്ടോര്‍ സൈക്കിള്‍ അഭ്യാസം പോലെ ഒരു യുഡിഎഫ് ബൈക്കില്‍ പത്തോളം പേരാണ് ബാലന്‍സ് ചെയ്ത് നില്‍ക്കുന്നത്. പ്രത്യേക പ്രത്യയശാസ്ത്രമോ നയമോ ഇല്ലാത്തതുകൊണ്ട് അവിടെ ആര്‍ക്കും കൂടാം. ഇടതുപക്ഷമായാല്‍ അല്പം മതേതരം കാണിക്കണം, ന്യൂനപക്ഷത്തെ പ്രേമിക്കണം, സംവരണത്തെ അനുകൂലിക്കണം അങ്ങനെ പലവിധ പ്രശ്നങ്ങളാണ്. സംഘപരിവാറില്‍ ആണെങ്കില്‍ ഒരു ഹിന്ദു അജണ്ടയുണ്ടായേ പറ്റൂ. പള്ളി പോളിച്ചത് തെറ്റായി എന്നും പറഞ്ഞ് അവിടെ നില്‍ക്കാന്‍ പറ്റില്ല. പക്ഷെ യു ഡി എഫ് എന്നാല്‍ കടലുപോലെയാണ്. അവിടെ എന്തും ലയിക്കും. എടുക്കുന്ന നയങ്ങളൊ, ചെയ്യുന്ന പ്രവര്‍ത്തിയോ ആരാലും ചോദ്യംചെയ്യപ്പെടില്ല. എല്ലാവര്‍ക്കും എന്തുമാവാം. അല്ലെങ്കിലും അന്തസ്സ് മാന്യന്മാര്‍ക്കാണല്ലോ നിര്‍ബന്ധം.
ജനം ഇതോക്കെ കണ്ടു നില്‍ക്കുന്നു എന്നത് ഇവര്‍ക്കൊന്നും ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല. ഇനിയൊട്ടാവുമെന്നും തോന്നുന്നില്ല. തോന്നണമെങ്കില്‍ മറിച്ചൊരഭിപ്രായം രേഖപ്പെടുത്താന്‍ ജനത്തിനു അവസരം കിട്ടണം. അത് ആര് കൊടുക്കാന്‍!!!

2 comments:

 1. ഏതാ മാഷെ ഈ ജനം?
  കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ലീഗും ബിജെപിയും, നായരും തീയ്യനും കൃസ്ത്യാനിയും കേരള കോണ്‍ഗ്രസ്സുമൊന്നുമല്ലാത്ത ഏത് ജനമാണിവിടെ ഉള്ളത്? തങ്കാര്യം നടക്കാന്‍ തരം പോലെ രാഷ്ട്രീയക്കാരന്റെ കാലു പിടിക്കുകയും കാര്യം നടക്കാതെ വരുമ്പോള്‍ തെറിപറയുകയും ചെയ്യുന്നവരെ ജനം എന്ന് വിളിക്കാമോ? ഇത് കൃത്യമായി എല്ലാ ഇടത് വലത് മത ജാതി രാഷ്ട്രീയക്കാരനും അറിയാം.
  അത് കൊണ്ട് തന്നെയാണവരിന്നും ഈ പൊറാട്ട് നാടകങ്ങള്‍ തുടരുന്നത്.

  ReplyDelete
 2. "ഇടതുപക്ഷമായാല്‍ അല്പം മതേതരം കാണിക്കണം, ന്യൂനപക്ഷത്തെ പ്രേമിക്കണം"
  എവിടെ മാഷെ? ഓറീസ്സയില്‍ ബീ ജേ ടീ ടെ കൂട്ട്, ഇവിടെ തീവ്വ്രവാദി ബന്ധം..... എല്ലാം കണക്ക് തന്നെ ,
  നിങ്ങളെ പോലെ കുറെ പേരെ പറ്റിക്കാം.. അത്രതന്നെ....

  ReplyDelete