Thursday, March 12, 2009

ജാതി ചോദിച്ചേ പറ്റൂ....... (ഇലക്ഷന്‍ കളക്ഷന്‍ -2)

ലത്തീന്‍ വിഭാഗത്തിനു സ്വാധീനമുള്ള മേഘലകളില്‍ അവര്‍ക്ക് സീറ്റുവേണം. സമുദായത്തിലെ എത്ര പേര്‍ക്ക് സീറ്റുനല്‍കി എന്നതിനനുസരിച്ച് വെള്ളാപ്പള്ളി തീരുമാനമെടുക്കും. കൃസ്ത്യന്‍ മേഘലകളില്‍ സ്ഥാനാര്‍ഥികളെ ബിഷപ്പ് നിര്‍ദ്ദേശിക്കും. മുസ്ലിം ഭൂരിപക്ഷമുള്ളയിടങ്ങളില്‍ അത് പരിഗണിച്ചേ പറ്റൂ.

എന്തിനാണു നമ്മള്‍ ഈ മതേതരത്വവും സോഷ്യലിസവും പാടി തൊണ്ട വറ്റിക്കുന്നത്. സെന്‍സസ് എടുത്ത് ഓരോ മതവിഭാഗങ്ങളുടെയും ശതമാനം അനുസരിച്ച് സീറ്റ് വീതം വെക്കുക. മതം ഇല്ലാത്തവരെയും ഒരു ഗ്രൂപ്പാക്കി കണക്കാക്കി ഒരു വീതം കൊടുക്കാം. ആകെ 20 സീറ്റല്ലേയുള്ളൂ അതുകൊണ്ട് കുറച്ച് സീറ്റുകള്‍ സംവരണം ചെയ്ത് എണ്ണം കുറവുള്ള ഉപവിഭാഗങ്ങള്‍ക്ക് റൊട്ടേഷന്‍ രീതിയില്‍ കൊടുക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന രീതിയേ ഒഴിവാക്കി മതാടിസ്ഥാനത്തില്‍ വേണമെങ്കിലും കാര്യങ്ങള്‍ നീക്കാം. അതാവുമ്പോ മതസൌഹാര്‍ദ്ദവും മെച്ചപ്പെടും. ഉദാഹരണത്തിന്, കത്തോലിക്കരുടെ മേള്‍ക്കൊയ്മ ഇഷ്ടപ്പെടാത്ത ലത്തീന്‍കാരും, നായന്മാരുമായി ചേരാത്ത ഈഴവരും സഹകരിച്ചു പ്രവര്‍ത്തിച്ചേക്കാം. കാരണം സംവരണം പോലെ ചില കാര്യങ്ങളില്‍ അവര്‍ക്ക് യോജിപ്പുണ്ടല്ലോ. അങ്ങിനെ മതസൌഹാര്‍ദ്ദത്തിനു പുതിയ മാനങ്ങളും ലഭിക്കും.

കാലക്രമേണ എല്ലാം മതാടിസ്ഥാനത്തില്‍ ആക്കാം. കേരളത്തിലെ ഓരോ മതവിഭാഗങ്ങളിലെയും വിശ്വാസികളുടെ കയ്യിലുള്ള മൊത്തം ഭൂമിയുടെ അളവ് അതാതു മതത്തിനുള്ള ശതമാന അനുപാതത്തില്‍ കൂടാന്‍ പാടില്ല. സര്‍ക്കാര്‍ ജോലി, സ്വകാര്യ ജോലി, സ്കൂളുകളിലും കോളേജുകളിലും ഉള്ള സീറ്റ് തുടങ്ങി എല്ലാം ഓരോ മതത്തിനും ജനസംഖ്യാപ്രകാരമുള്ള ശതമാനക്കണക്ക് വെച്ച് നിജപ്പെടുത്തണം. വിഭവങ്ങള്‍ പോലും ഈ രീതിയില്‍ വിഭജിക്കാം. മുസ്ലിങ്ങള്‍ 20% ഉണ്ടെക്കില്‍ അവര്‍ക്ക് കേരളത്തില്‍ ഓരോ മാസവും വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെയും ഗ്യാസിന്റെയും 20%ത്തില്‍ കൂടുതല്‍ കൊടുക്കാന്‍ പാടില്ല.

മതാതിഷ്ഠിത ജനാധിപത്യത്തിനു ജയ് ഹോ.........

മഹാഗുരോ മാപ്പ്.......... ജാതി ചോദിച്ചേ പറ്റൂ...........

4 comments:

  1. ഇല്ല മാഷേ ഒരു നമ്പൂതിരിയേയോ,വാര്യരേയോ,മാരാരെയോ ഒന്നും തിരഞ്ഞുപിടിച്ച്‌ മൽസരിപ്പികുവാൻ ഇക്കൂട്ടർ മിനക്കെടുന്നില്ല.ന്യൂനപക്ഷങ്ങളെ മാത്രമെ ഇവർ ഭയപ്പെടുന്നുള്ളൂ...

    ReplyDelete
  2. 'മതമില്ലാത്ത ജീവന്‍' പഠിപ്പിച്ചവര്‍ പോലും ജാതിഭ്രാന്തന്മാരുടെ കാലു നക്കുന്ന കാഴ്ച. അല്ലെ? കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.

    [പറയാതെ വയ്യ!! എന്നാ പേരില്‍ എന്റെ ഒരു പ്രതികരണ ബ്ലോഗ് ഉണ്ട്. അത് ആഗസ്റ്റ്‌ 2008 -ഇല്‍ തുടങ്ങിയതാണ്‌. വിരോധമില്ലെന്കില്‍ ബ്ലോഗിന്റെ തലക്കെട്ട്‌ മാറ്റിക്കൂടെ?]
    http://jossysviewpoint.blogspot.com/2008/08/blog-post.html

    ReplyDelete
  3. രാഷ്ട്രീയ ബോധം ഇല്ലാതാകുംബോള്‍ ജാതിയും,മതവും,പണവും കയറിവരികതന്നെ ചെയ്യും. അവയെ പ്രതിരോധിക്കാന്‍ നാം ഒന്നും ചെയ്തിരുന്നില്ല എന്നും ഓര്‍ക്കേണ്ടതുണ്ട്.

    ReplyDelete
  4. പറ്റുമെങ്കില്‍ സ്വതന്ത്രര്‍ക്ക് വോട്ട് ചെയ്യുക .....
    അങ്ങനെ നമുക്കീ വോട്ട് ബാങ്ക് രാഷ്ട്രീയം തകര്‍ക്കാം !

    ReplyDelete