Thursday, March 5, 2009
ടെലി-വിഷ-ബാധ
ടി വി കേടായത് സ്വാഭാവികമായിട്ടാണെങ്കിലും കുറ്റം 5 വയസ്സുകാരനില്‍ അടിച്ചേല്‍പ്പിച്ചു. കാര്‍ട്ടൂണ്‍ ചാനലിലെ ശബദകോലാഹലങ്ങള്‍ അവന്‍ ഉറക്കമുണര്‍ന്നിരിക്കുന്ന മുഴുവന്‍ സമയവും കേട്ടുകൊണ്ടിരിക്കുക വഴി തലയ്ക്ക് പിടിച്ച മത്ത് ഒന്നിറങ്ങട്ടെ എന്ന തീരുമാനത്തിലായിരുന്നു ടി വി നന്നാക്കുന്നത് തല്‍ക്കാലത്തേക്ക് മാറ്റി വെച്ചത്.
അരക്കെട്ടിളക്കി പെണ്‍പിള്ളേര്‍ തുള്ളുന്നതും, ചെറുക്കന്‍ ഉറക്കം പിടിച്ചു കഴിഞ്ഞാല്‍ ഫാഷന്‍ ചാനലില്‍ വിക്ടൊറിയാ സീക്രട്ട് കമ്പനിക്കാരുടെ പുതിയ തുണിക്കഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും കാണാന്‍ കഴിയില്ലെല്ലോ എന്നൊരു പ്രശ്നം മനസ്സില്‍ പൊങ്ങി വന്നെങ്കിലും, ശരത്ത് പറയുന്ന വൃത്തികേടുകളും മായം ചേര്‍ത്ത പുരാണ കഥകളും കാണേണ്ടല്ലോ എന്നോര്‍ത്ത് ആശ്വാസം കൊണ്ടു.
പക്ഷെ ആശങ്കകളെല്ലാം അകറ്റി തെളിഞ്ഞു വന്നത് ഒരു പുതിയ ജീവിതമായിരുന്നു. ജെറ്റിക്സ് ചാനല്‍ കാണാതിരുന്നപ്പോള്‍ മകന്‍ അക്രമസ്വഭാവം ഉപേക്ഷിച്ച് നോര്‍മ്മല്‍ ആയി. മകനും അമ്മയും തമ്മിലുള്ള സംഘര്‍ഷം വളരെക്കുറഞ്ഞു. വൈകുന്നേരം വീട്ടിലെത്തിയാല്‍ ഭാര്യയോട് സംസാരിക്കുവാന്‍ ധാരാളം സമയം. സീരിയലുകള്‍ ഇല്ലാത്തത് കൊണ്ട് ഭാര്യയ്ക്ക് തിരക്കൊന്നുമില്ല. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു, നേരത്തെ കിടന്ന് ഉറങ്ങുന്നു. മനസ്സമാധാനം കൂടി..കുടുംബ ജീവിതം മെച്ചപ്പെട്ടു.
ടിവി കാണാതെ ഇരിക്കുമ്പോള്‍ വിനോദത്തിലും വിജ്ഞാനത്തിലും ചില നഷ്ടം ഉണ്ടെങ്കിലും ജീവിതം മുടങ്ങിപ്പോകുന്ന പ്രതിസന്ധിയൊന്നും ഇല്ലെന്ന് മനസ്സിലായി.
ഒരു ചെയ്ഞ്ചിനെങ്കിലും ഒരൂ മാസത്തേക്ക് ടിവി പൂട്ടിവെക്കുക. ഹൃദ്യമായ ഒരനുഭവം ആകുമത്. ഉപേക്ഷിച്ച് ചില ഹോബികള്‍, ചില്ലറ കളിതമാശകള്‍, ഇഷ്ടപ്പെട്ട് ചെയ്ത്തിരുന്ന വീട്ടിലെ റിപ്പയര്‍ ജോലികള്‍......... അങ്ങനെ പലതും വീണ്ടും ഓര്‍മ്മയിലേക്ക് എത്തും........
Friday, February 27, 2009
കലാലയ വിദ്യാഭ്യാസം അഥവാ വിദ്യാലയ കലകളും അഭ്യാസങ്ങളും
റാഗിംഗ് എന്നത് ഒരു കലാരൂപം എന്നതില്‍ നിന്നും ഒരു കായിക വിനോദമായി മാറിയിട്ട് കാലം കുറെയായി. അസ്സൈന്മെന്റ് എഴുതിക്കുക, വെയിലത്തു നിര്‍ത്തുക, കലാപരിപാടികള്‍ അവതരിപ്പിക്കുക, അസഭ്യം പറയുക മുതല്‍ നഗ്നമായി പരേഡ് നടത്തിക്കുന്നതു വരെയായിരുന്നു പഴയ റാഗിംഗ്. എന്നാല്‍ അതില്‍നിന്നും പുരോഗമിച്ച് ശാരീരിക മര്‍ദ്ദനമേല്‍പ്പിക്കുക, പണം പിരിക്കുക, ലൈംഗിക ചൂഷണം നടത്തുക എന്നീ നിലയിലേക്കു നീങ്ങിയപ്പോളാണു സംഗതി കോടതിയുടെ നിരീക്ഷണത്തിലേക്കു നീങ്ങിയത്. എന്തുകൊണ്ടാണു റാഗിംഗിനു പൊതുസമൂഹത്തില്‍ ഉള്ള അത്രയും ഗൌരവം കാമ്പസില്‍ ലഭിക്കാത്തത്?
ഒരു കോളേജില്‍ ഇന്നു നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തികളില്‍ പത്തു ശതമാനം പോലും റാഗിംഗ് ഗണത്തില്‍ വരില്ല എന്നതാണു അതിനു കാരണം. നമ്മുടെ മിക്കവാറും കലാലയങ്ങളില്‍ നടക്കാറുള്ള ചില കലകളും അഭ്യാസങ്ങളും ഞാന്‍ താഴെ വിവരിക്കാം
- ബ്ലേഡ് പിരിവ് : പുറത്തുള്ള ചില ബ്ലേഡ് ഗുണ്ടകളുടെ സഹായത്തോടെ ആവശ്യക്കാര്‍ക്ക് പണം കൊടുക്കുക പിരിക്കുക. പണം കിട്ടിയില്ലെങ്കില്‍ ഗുണ്ടായിസം നടത്തുക.
- ഗുണ്ടായിസം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി കാമ്പസിലും പുറത്തും കൂലിത്തല്ല് നടത്തുക. ബ്ലേഡുകാരുടെ ഗുണ്ടയാകുക. വായ്പാ തവണകള്‍ അടയ്ക്കാത്ത വണ്ടികള്‍ പിടിച്ചെടുക്കുന്ന ക്വോട്ടേഷന്‍ ഗാങ്ങില്‍ ചേരുക
- മദ്യം, മയക്കുമരുന്ന്, കഞ്ചാവ് മുതല്‍ ബ്ലൂ ഫിലിം വരെ വിതരണം
- പണത്തിനു വേണ്ടിയുള്ള സ്വവര്‍ഗ്ഗ രതി, വ്യഭിചാരം. സ്റ്റേജ് പ്രൊഗ്രം കോമ്പീയറിംഗ്, ഗ്രൂപ്പ് ഡാന്‍സ്, സീരിയല്‍ തുടങ്ങിയവയുടെ മറവില്‍ ആണു പലതും നടക്കുക
- പ്രണയം എന്ന സെറ്റപ്പ്: ഒഴിഞ്ഞ ക്ലാസ്സ് മുറികളില്‍, ലാബുകളില്‍, പരിസരത്തെ കുറ്റിക്കാടുകളില്‍, ഇന്റെര്‍നെറ്റ് കഫെകളില്‍, വാടക വീടുകളില്‍ എന്നുവേണ്ട ആളൊഴിഞ്ഞ ഏതു സ്ഥലത്തും വാത്സ്യായന മുറകള്‍ പരീക്ഷിക്കപ്പെടുന്നു. ആണും പെണ്ണും തമ്മിലുള്ള ഈ ഏര്‍പ്പാട് പുതുമയുള്ളതല്ലെങ്കിലും ഇതിനുണ്ടായിരുന്ന രഹസ്യ സ്വഭാവം ഇപ്പോളില്ല എന്നാതാണു പ്രത്യേകത. ആരും ഒളിച്ചും പാത്തും ഒന്നും മുങ്ങാറില്ല. പലപ്പോഴും ഗാങ്ങായി ഒന്നിച്ചാണു പോകുന്നതും. സ്റ്റഡി ടൂറുകളെപ്പറ്റി പറയേണ്ടതില്ലല്ലോ.......
മോക്ഷണം ഉള്‍പ്പെടെ ഇതില്‍ എഴുതാത്ത പലതും വേറെയുണ്ട്. ഇതില്‍ പലതും സമൂഹത്തിലെ രോഗങ്ങളുടെ പകര്‍ച്ച മാത്രമാണ്. ഇതില്‍ പലതും നിയന്ത്രിക്കണമെങ്കില്‍ ആദ്യം നമ്മുടെ പൊതുസമൂഹത്തില്‍ വേണം നിയമം വാഴിക്കാന്‍. കാമ്പസിലെ ഇത്തരം പ്രവര്‍ത്തികള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പലിനെ രാഷ്ട്രീയക്കാര്‍ ഭീഷണിപ്പെടുത്തിയത് എനിക്ക് നേരിട്ടറിയാം. ഇതൊക്കെ നടക്കുന്ന കാമ്പസുകളില്‍ ഒരു ബലാത്സംഗം വലിയ വാര്‍ത്തയാകില്ല.
ഇത് സമൂഹത്തിനു സംഭവിച്ച ക്രിമിനലൈസേഷന്‍ മൂലം മാത്രമാണ്. റാഗിംഗ് എന്നും പറഞ്ഞ് രോഷം കൊള്ളുന്ന രാഷ്ട്രീയക്കാരും പോലീസും ആദ്യം തങ്ങളുടെ ഉത്തരവാദിത്വം തിരിച്ചറിയണം. നിങ്ങളുടെ ചട്ടുകങ്ങളായി കലാലയങ്ങളില്‍ രക്തസാക്ഷികളായവരോ, ഭാവി തുലച്ചവരോ, അപമാനിക്കപ്പെട്ടവരോ ആയ ആയിരങ്ങളില്‍ ഒരാളാണീ പെണ്ണ്. അങ്ങനെ മക്കള്‍ നശിച്ചു പോയതുവഴി ജീവിതം തീരാദുരിതത്തിലും കണ്ണീര്‍ക്കടലിലുമായവരും ആത്മഹത്യ ചെയ്തവരും ആയ മാതാപിതാക്കളുടെ നാടാണിത്. നിങ്ങള്‍ക്കു വേണ്ടി വാളെടുത്തവരായലും, നിങ്ങള്‍ കൊടുത്തവാളിനിരയായവരായാലും അവരുടെ മാതാപിതാക്കളുടെ കണ്ണുനീര് ഒരു പോലെ തന്നെ.
മക്കള്‍ക്ക് നല്ല ജീവിത മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ സാധിക്കാത്ത ആ മാതപിതാക്കളെക്കാല്‍ നമ്മുടെ നിയമ വ്യവസ്ഥയുടെയും, നിയമ പാലകരുടെയും, രാഷ്ട്രിയ-മത നേതാക്കളുടെയും പരാജയമാണിതെന്ന തിരിച്ചറിവില്‍, മുണ്ടക്കയംകാരിയായ ആ സഹോദരിയുടെ മാതാപിതാക്കളുടെ മാത്രമല്ല, സ്വന്തം മക്കളെ സമൂഹം കല്ലെറിയുന്നതു കാണെണ്ടിവന്ന ആ മാതാപിതാക്കളുടെ ദുഖത്തിലും ഞാന്‍ പങ്കുചേരുന്നു.
Tuesday, February 24, 2009
കേരള ശിക്ഷാ മാര്‍ച്ച്..............
കേരളത്തിലെ എല്ലാ നഗരങ്ങളും, വലിയ ഉപ-നഗരങ്ങളും, മിക്കവാറും ചെറുപട്ടണങ്ങളും നിരങ്ങി നിരങ്ങിയാണു പിണറായിയും, ചെന്നിത്തലയും, മുരളിയും ഇനി യാത്ര പ്രഖ്യാപിക്കാന്‍ കാത്തിരിക്കുന്ന മറ്റുള്ളവരും മാര്‍ച്ച് നടത്തുക. ഇങ്ങനെ ഇവര്‍ ചെന്നെത്തുന്ന പ്രദേശങ്ങള്‍ മിക്കതും പത്രമായിട്ടും ടെലിവിഷനായിട്ടും നല്ല കവറേജ് ഉള്ളതാണ്. ഇത്രയും സ്ഥലങ്ങള്‍ പാര്‍ട്ടിക്കൊടിയിലും, ഫ്ലെക്സ് ബോര്‍ഡുകളിലും അലങ്കരിക്കാനും, സമ്മേളനങ്ങള്‍ നടത്താനും, സഞ്ചരിക്കാനും ചിലവാക്കുന്ന പണം കൊണ്ട് മുന്‍നിര ചാനലുകളിള്‍ വഴിയും പത്രപരസ്യങ്ങള്‍ വഴിയും പ്രചരണം നടത്താന്‍ കഴിയും. ടെലിവിഷനും പത്രവും വഴി ലഭ്യമാകുന്ന പരസ്യം സ്വന്തം പാര്‍ട്ടിക്കാരുടെയിടയില്‍ മാത്രമല്ല എന്നതിനാല്‍ പ്രയോജനം കൂടുതലാണുതാനും.
അതുകൊണ്ട് പൊതുജനം എന്ന കഴുതയ്ക്ക് ഇതില്‍ നിന്നും ഒരു കാര്യമേ മനസ്സിലാക്കുവാനുള്ളൂ.
- മാര്‍ച്ചുകളുടെ ഉദ്ദേശ്യം ആശയ പ്രചരണമല്ല. കാരണം ദിവസവും പത്രം വായിക്കുന്ന ആളുകളുടെയിടയില്‍ ആശയം പ്രചരിപ്പിക്കാന്‍ ഈ വിദ്യ ഗുണം ചെയ്യില്ല. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഘോര ഘോരം പ്രസംഗിക്കുന്ന് ഈ വേദികളില്‍ മറ്റാര്‍ക്കും അതിനെ വിമര്‍ശിക്കാനും അവസരമില്ല
- ഫണ്ട് പിരിവാണ് ഒരു മുഖ്യ ലക്ഷ്യം. എല്ലാ പാര്‍ട്ടിക്കാരും ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തകരോട് ഒരു തുക ആവശ്യപ്പെട്ടിട്ടുണ്ട്.
- സാമൂഹ്യ ഗൂണ്ടായിസമാണ് മറ്റോരു ലക്ഷ്യം. ഗതാഗത സ്തംഭനമുണ്ടാക്കുക, റോഡും പരിസരങ്ങളും കയ്യേറി കൊടിതോരണങ്ങള്‍ കെട്ടി അസൌകര്യങ്ങള്‍ ഉണ്ടാക്കുക, നിര്‍ബന്ധമായി പണം പിരിക്കുക തുടങ്ങിയ പ്രവര്‍ത്തികളിലൂടെ സാധാരണക്കാരുടെ പൌരാവകാശങ്ങളില്‍ കൈകടത്താനുള്ള കഴിവ് പ്രകടിപ്പിക്കുക.
ജനങ്ങളുടെ അഭിരുചിക്കും അഭിപ്രായങ്ങള്‍ക്കും യാതൊരു പരിഗണനയും കൊടുക്കാതെ സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തുകയും മന്ത്രിമാരെ നിയമിക്കുകയും ചെയ്യുന്ന നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ക്ക് പോതുജനത്തിനെ ഒന്നും ബോധ്യപ്പെടുത്താനില്ല. ജനം ഒന്നുകില്‍ വോട്ട് ചെയ്യാതെയിരിക്കും അല്ലെങ്കില്‍ ഇടതിനോ വലതിനോ ബീജെപിക്കോ വോട്ട് ചെയ്യും. ആരു ജയിച്ചാലും ജനത്തിനു ഒരുപോലെ.......
പക്ഷെ ജാഥ നടത്തുന്നവരുടെ അവസ്ഥ അതല്ല. അവര്‍ക്ക് പാര്‍ട്ടിയുലുള്ള തങ്ങളുടെ പ്രമാണിത്വം ഹൈക്കമാണ്ടിനെയോ, പീബിയെയൊ ഒക്കെ ബോധ്യപ്പെടുത്തിയേ പറ്റൂ. അതുകൊണ്ട് മാര്‍ച്ചുകള്‍ കലോത്സവങ്ങള്‍ പോലെയാണ്. അവതരിപ്പിക്കുന്നത് പോതുജനത്തിനു മുന്നിലാണെങ്കിലും മാര്‍ക്കിടെണ്ടത് കേന്ദ്രത്തിലെ ജഡ്ജസാണ്.
പാവം ജനങ്ങള്‍........
പറയാതെ വയ്യ
Thursday, February 19, 2009
കിളിമൊഴികള്‍ നിലയ്ക്കുന്നു...........
ഹലോ...സര്‍.......ഇത് മോളിയാണ്............ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഏതെങ്കിലും ഉപയോഗിക്കുന്നുണ്ടോ? ഞങ്ങളുടെ കമ്പനി സാറിനു ഒരു ലൈഫ് ടൈം ഫ്രീ ആയ കാര്‍ഡ് അപ്പ്രൂവ് ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ച് ഡീറ്റെയില്‍ ആയി പറഞ്ഞു തരട്ടേ?........
ഹലോ .... സര്‍.... ചില ഇന്‍വെസ്റ്റ്മെണ്ട് പ്ലാനികളെക്കുറിച്ച് ഡിസ്കസ് ചെയ്യാനായി വിളിച്ചതാണ്............ഞാന്‍ സൂസന്‍...ഞങ്ങളുടെ കൊച്ചി ഓഫീസില്‍ നിന്നുമാണ്..........
രാവിലെ മുതല്‍ രാത്രിവരെ ഇങ്ങനെ എത്രയോ അവളുമാരുടെ സ്നേഹവായ്പുകളായിരുന്നു ഒന്നു രണ്ടു വര്‍ഷങ്ങളായി ഞാന്‍ അനുഭവിച്ചു കൊണ്ടിരുന്നത്. എനിക്ക് ആവശ്യത്തിനു പണമില്ലെങ്കിലോ എന്ന വേവലാതിയില്‍......... ഞാന്‍ പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ശങ്കയില്‍........ ഞാന്‍ സമ്പാദിക്കുന്ന പണമെല്ലാം ബുദ്ധിപരമായി ഇന്‍വെസ്റ്റ് ചെയ്യുന്നുണ്ടോ എന്ന ആശങ്കയില്‍........
അവരെല്ലാം എവിടെപ്പോയി? പൊടിപോലുമില്ലല്ലോ കണ്ടുപിടിക്കാന്‍........
ബാങ്കില്‍ കിടന്ന കാശെടുത്ത് കളമൊഴികള്‍ പറഞ്ഞ പ്രകാരം യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് എടുത്തവരും, മ്യൂച്വല്‍ ഫണ്ടു വാങ്ങിയവരും ഇപ്പോള്‍ ഭയങ്കര ഹാപ്പിയാണ്. പക്ഷെ സന്തോഷം അറിയിക്കാന്‍ കിളിമൊഴികളെ കിട്ടിയിട്ടു വേണ്ടേ>>>>>>>>>
കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രാപ്തിയുള്ളവരുടെ കാര്യം സാരമില്ല. പക്ഷെ ഉള്ള കാശ് എഫ്ഡിയായി ബാങ്കില്‍ ഇട്ടിരുന്നവരെ 3 വര്‍ഷം കൊണ്ട് 3 ഇരട്ടി ആയി പെരുകും എന്നു മോഹിപ്പിച്ച് ആപ്പിലാക്കിയതു കഷ്ടമായിപ്പോയി.......... കിളിമൊഴികളും അവരുടെ പിന്നാലെ ആപ്ലിക്കേഷനുമായി വന്ന മാന്യന്മാരും ഒന്നൊര്‍ത്താല്‍ നല്ലത്.
പറ്റിച്ച് സമ്പാദിക്കുന്ന കമ്മീഷന്‍ കൊണ്ട് ചോറുണ്ടാല്‍ ദഹിക്കാന്‍ വിഷമാവും.......... കേട്ടോ..........
പറയാതെ വയ്യ............
Wednesday, February 18, 2009
ഫിലിം അവാര്‍ഡ്.........
മോഹന്‍ലാലിനുണ്ട്, മമ്മൂട്ടിക്കുണ്ട്, ജയറാമിനുണ്ട്, ശ്രിനിവാസനുണ്ട്, ജയസൂര്യക്കുണ്ട്, ഇന്ദ്രജിത്തിനുണ്ട്......... അങ്ങനെ നോക്കിയ്യപ്പോള്‍ ഒരു സംശയം.... ഇതൊരു ഡിങ്കോള്‍ഫിക്കെഷന്‍(തട്ടിപ്പ് എന്നര്‍ഥം) അല്ലെ?
പണ്ടൊക്കെ അവാര്‍ഡ് നിരസിക്കലും, ജൂറി അംഗങ്ങളെ ആക്ഷേപിക്കലുമൊക്കെയായിരുന്നു അവാര്‍ഡുകളുടെ ഹൈലൈറ്റ്. സംസ്ഥാന അവാര്‍ഡാണെങ്കില്‍ പ്രധാനമായും ഉദ്ദേശിച്ചിരുന്നത് പ്രേക്ഷകര്‍ക്കൊ, എന്തിന് മാധ്യമങ്ങള്‍ക്കുപോലും കേട്ടുകേള്‍വിയില്ലാത്ത ഒരു സിനിമയെ കണ്ടെത്തി അതിനു മികച്ച ചിത്രത്തുനുള്ള അവാര്‍ഡ് കൊടുക്കുക എന്നതായിരുന്നു. ഇനി അഥവാ അങ്ങനെ ആരും കേട്ടിട്ടില്ലാത്ത ഒരു ചിത്രം കിട്ടിയില്ലെങ്കില്‍ അടുത്ത ചാന്‍സ് വിതരണത്തിനു ആളെകിട്ടാതെ പെട്ടിയില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ക്കാണ്. അതും കിട്ടിയില്ലെങ്കില്‍ പിന്നെ ഏറ്റവും കുറച്ചു പ്രേക്ഷകര്‍ കണ്ട ചിത്രം തിരഞ്ഞെടുത്ത് പ്രശ്നം പരിഹരിക്കും.
സാധാരണക്കാരുടെ കയ്യടി വാങ്ങുന്ന ചിത്രങ്ങള്‍ക്ക് അവാര്‍ഡുകള്‍ കിട്ടിത്തുടങ്ങിയത് ചാനലുകാരും പത്രമാസികകളും അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയപ്പോളാണെന്നതു സത്യം. അവാര്‍ഡികളുടെ എണ്ണംകൂടിയപ്പോള്‍ അതിനോടുള്ള കമ്പവും കുറഞ്ഞു എന്നതും വാസ്തവം.
നിലവില്‍ അവാര്‍ഡുകളുടെ പ്രധാനമായ വശം, അവാര്‍ഡ് ദാന ചടങ്ങും അനുബന്ധമായ ആട്ടവും പാട്ടും കോമഡികളും ചാനലുവഴി ടെലികാസ്റ്റ് ചെയ്യുന്നതാണ്. വെറുതെയല്ലല്ലോ ചാനലുകളും മറ്റ് ഉപ-സ്പോണ്‍സര്‍മാരും കൂടി ഈ കാശെല്ലാം കൈയയച്ചു ചിലവാക്കുന്നത്. ഒരു ലൈവ് ഷോ, അതുകഴിഞ്ഞ് പ്രൈംടൈമില്‍ ഒരു റീ-ടെലിക്കാസ്റ്റ്, പിന്നെ പലപ്പോഴായി തുണ്ടു തുണ്ടായി വേറെയും. ഇതില്‍ നിന്നെല്ലാം കൂടിക്കിട്ടുന്ന പരസ്യവരുമാനം നോക്കിയാല്‍ മറ്റോരു 20-20 പരുപാടിയാണിത് എന്ന് സംശയിക്കാതെ പറയാം. താരങ്ങളുടെ എണ്ണമനുസരിച്ച് പരസ്യവരുമാനം കൂടും. അതുകൊണ്ട് മുന്തിയ താരങ്ങള്‍ക്കൊക്കെ ഒരു ദിവസത്തെ കാള്‍ഷീറ്റിനുള്ള കാശും, അതിനുപുറമെ അവാര്‍ഡ് എന്നു പറഞ്ഞ് ഒരു പോക്കറ്റ്മണിയും കൊടുത്ത് സ്റ്റേജില്‍ എത്തിച്ചാലേ സംഭവം കേമം ആകൂ.
അതായത് സിനിമയെന്തായാലും നടന്മാര്‍ക്കൊക്കെ അവാര്‍ഡു കൊടുത്തേപറ്റൂ എന്നൂ സാരം.
ലാഭം..... ലാഭം....... അവാര്‍ഡു കൊടുക്കുന്നവര്‍ക്കും..... മേടിക്കുന്നവര്‍ക്കും
സ്വര്‍ണ്ണവും തുണിയും കാറും കോസ്മെറ്റിക്സും മാത്രമല്ല, എണ്ണയും സോപ്പും കറിപൌഡറുകളും, പാലും എന്നുവേണ്ട.... ഉപ്പു വാങ്ങിച്ചാലും ഒരിത്തിരി കാശ് കമ്പനിക്കാര് ഈ അവാര്‍ഡ് ചിലവിലേക്കായി പിരിക്കുന്നുണ്ട്....
ഓ... അതൊരു നഷ്ടമായിട്ടു കൂട്ടാനില്ലന്നേ....... നമ്മുടെ ചിലവിലാണെങ്കിലും, നമുക്കുവേണ്ടിയല്ലേ അവരീ കഷ്ടപ്പെടുന്നേ???
എന്നാലും പറയാതെ വയ്യ..........
ഹൈക്കൊടതി ബെഞ്ച്......
പിന്നെയാര്‍ക്കാണു വിസമ്മതം????
തിരുവനന്തപുരം നഗരത്തില്‍ വൃത്തിയുള്ള ഒരു പബ്ലിക്ക് മൂത്രപ്പുരയില്ല, റോഡില്‍ പലയിടത്തും ഫൂട്ട്പാത്തില്ല, ബസ് നിര്‍ത്താന്‍ സ്റ്റോപ്പുകളില്‍ സ്ഥലമില്ല.... അല്പം പണവും ആത്മാര്‍ഥതയുമുണ്ടെങ്കില്‍ പരിഹരിക്കാനാവുന്ന (അതും 90% ജനങ്ങളെയും ബാധിക്കുന്ന) ഇതുപോലെയുള്ള പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിച്ച് ഹൈക്കൊടതി ബെഞ്ചാണു തിരുവനന്തപുരംകാരുടെ ഹൃദയത്തിലെ ബ്ലോക്ക് എന്നമട്ടില്‍ നടക്കുന്ന ഇവരെ എന്തുചെയ്താല്‍ മതിയാവും.......
പറയാതെ വയ്യ.........
ഈ ബഞ്ച് ഒരിക്കലും കിട്ടല്ലേ ഈശ്വരാ........
പറയാനും വയ്യ.... പറയാതെയും വയ്യ....
പറയുക തന്നെ.........
എന്നോട് ദേഷ്യം തോന്നരുത് കേട്ടോ......
പറയാതെ വയ്യ......... അതുകൊണ്ടാ പറഞ്ഞു പോകുന്നത്....
