"സമത്വസുന്ദരമായ ലോകം" അതൊരു സ്വപനലോകം മാത്രമല്ലേ സുഹൃത്തേ?......
കോഫീ ഹൗസിലെ ഹാളില്‍ പ്രസാദിന്റെ ശബ്ദം മുഴങ്ങിക്കേട്ടു. ചൂടു കാപ്പി ഒരു കവിള്‍കൂടി മൊത്തിക്കുടിച്ച് ചുറ്റുപാടുമുള്ളവരെ ഒന്നു നിരീക്ഷിച്ച ശേഷം വീണ്ടും തുടര്‍ന്നു....
ഒരാളിനു മറ്റോരാള്‍ക്കു പകരമാവാന്‍ ആവില്ല എന്നപോലെ തന്നെ, ഒരാളും മറ്റോരാളിനു തുല്യനല്ല. കരുത്തിലും കഴിവിലും ഒരുപോലെയുള്ള രണ്ടാളുകളെ ഒരിക്കലും കണ്ടെത്താന്‍ ആവില്ല. എന്നിട്ടും നിങ്ങള്‍ സോഷ്യലിസത്തിനായി വാദിക്കുന്നു.
പണം എങ്ങിനെയാണ് ചിലരുടെ മാത്രം കൈകളില്‍ എത്തിച്ചേരുന്നത്?നിങ്ങള്‍ പറയുന്നു ചൂഷണം ചെയ്തിട്ടാണെന്ന്‍..... വിഭവങ്ങള്‍ കൊള്ളയടിച്ചിട്ടാണെന്ന്‍... എന്നാല്‍ ഞാന്‍ പറയുന്നു അത് ബുദ്ധിയുടെ, കഴിവുകളുടെ ഫലപ്രദമായ ഉപയോഗം കൊണ്ടാണെന്ന്‍.... കഴിവുകള്‍ക്കു കിട്ടുന്ന അംഗീകാരത്തെ മനുഷ്യന്‍ സമ്പത്തുണ്ടാക്കുവാന്‍ ആണു ഉപയോക്കുന്നത്. മിടുക്കനായ ഡോക്ടര്‍, മികച്ച ഗായകന്‍, വ്യവസായി എല്ലാവരും അവരുടെ കഴിവുകള്‍ക്കു ലഭിക്കുന്ന സ്വീകാര്യതയെ പണമായി മാറ്റിയെടുക്കുന്നു. യേശുദാസും ടെന്‍ഡുല്‍ക്കറും വിജയ് മല്യയും അംബാനിയും എല്ലാം ഇതു തന്നെയാണു ചെയ്യുന്നത്......
ഒരു കാപ്പിയും കൂടി പറയം അല്ലേ? ചോദ്യം എന്നോടാണ്.ആവാം.... ഞാന്‍ ആംഗ്യഭാഷയില്‍ വെയിറ്ററെ കാര്യം ധരിപ്പിച്ചു.
ആവേശം ചോര്‍ന്നു പോകാതെ പ്രസാദ് തുടര്‍ന്നു....കഴിവില്ലാത്തവനു പണം കൊടുത്തിട്ട് യാതൊരു പ്രയോജനവുമില്ല. അവനു ആശയങ്ങള്‍ കൊടുത്തിട്ടും കാര്യമില്ല. പണം ഉപയോഗിക്കാന്‍ അവനറിയില്ല, ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും. അശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അറിയുമായിരുന്നെങ്കില്‍ വിദ്യാഭ്യാസമുള്ളവരില്‍ ഇത്രയേറെ തൊഴില്‍രഹിതര്‍ ഉണ്ടാകുമായിരുന്നില്ലല്ലോ................ ഒന്നുകില്‍ വിദ്യാഭ്യാസം അവരില്‍ ആശയങ്ങള്‍ സൃഷ്ടിക്കുന്നില്ല, അല്ലെങ്കില്‍ അവര്‍ക്ക് ആശയങ്ങളെ തൊഴിലാക്കിമാറ്റാന്‍ കഴിയുന്നില്ല. ................ പണമില്ല എന്നോരു മുട്ടായുക്തി പലരും പറയും. പക്ഷെ, ആ പറയുന്ന ആള്‍ക്കാരുടെ അതേ സാമ്പത്തിക ചുറ്റുപാടില്‍ നിന്നും എത്രയോപേര്‍ ജീവിത മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നു? അപ്പോള്‍ പണവും ആശയവുമല്ല....... അവര്‍ക്ക് കൊടുക്കേണ്ടത് തൊഴിലാണ്.
രണ്ടാമത്തെ കാപ്പി കുടിച്ചു തീര്‍ത്ത ശേഷം, എന്‍ടെ കപ്പില്‍ ബാക്കിയിരുന്ന അര ഗ്ലാസ്സ് കൂടി സ്വന്തം കപ്പിലേക്ക് ഒഴിച്ചെടുത്ത്, ഒരുചെറിയ ചിരിയോടേ വീണ്ടും തുടര്‍ന്നു...
"തൊഴില്‍" എങ്ങനെ ഉണ്ടാകും?
കഴിവുള്ളവര്‍ തൊഴിലുടമകളായി തൊഴിലുകള്‍ സൃഷ്ടിക്കും. മുതലു കൈകാര്യം ചെയ്യാന്‍ അറിയുന്ന അവരെ നിങ്ങള്‍ മുതലാളി എന്നു വിളിക്കും. തൊഴിലുണ്ടാക്കി തരുന്നവരെ, സര്‍ക്കാരിനു നികുതി കൊടുക്കുന്നവരെ......... ചുരുക്കം പറഞ്ഞാല്‍ പണം കൈവശമുള്ളവരെ ശത്രുക്കളായി കാണുന്നതാണു ഇന്നത്തെ തൊഴിലാളിയുടെ രീതി. കിട്ടുന്ന അവസരങ്ങളിലൊക്കെ പരമാവധി കൂലി കൈക്കലാക്കുക എന്ന രീതി അവര്‍ക്കിന്ന്‍ ചൂഷകരുടെയും ഗുണ്ടകളുടെയും ഇമേജ് കൊടുത്തിരിക്കുന്നു....
ഒരു ചുവപ്പന്‍ പത്രത്തിലെ സ്ഥിരം എഴുത്തുകാരനു ഉണ്ടായ കാലികമായ മാറ്റമാണോ ഇതെന്നുള്ള്‍ സംശയം മനസ്സിലിട്ടുകൊണ്ടുതന്നെ ബില്ലു പേ ചെയ്ത് പുറത്തിറങ്ങി. മഴകാരണം വഴിയില്‍ ഓട്ടോറിക്ഷകളൊന്നും കാണുന്നില്ല. ലോഡ്ജ് വരെ കക്ഷി എന്നോടൊപ്പം ഉണ്ടാകും. മാസത്തില്‍ ഒരു തവണയെങ്കിലും വൈകുന്നേരം ഓഫീസില്‍ വന്ന്‍ എന്നെ കാണുന്നതിന് കാശുമുടക്കാതെ കാപ്പികുടിക്കുക ബസ് ചാര്‍ജ്ജ് ലാഭിക്കുക എന്നതു മാത്രമല്ല എന്നെ ഇരുത്തി കത്തിവെക്കുക എന്ന ദുരുദ്ദെശവുമുണ്ട്. പത്രക്കാരനല്ലേ....ചില്ലറ കാര്യസാധ്യങ്ങള്‍ ഉള്ളതുകൊണ്ട് ഞാന്‍ മുഷിപ്പ് കാണിക്കാറുമില്ല.കുറെ സമയത്തെ ശ്രമഫലമായി ഒരു ഓട്ടോ നിര്‍ത്തിക്കിട്ടി.
ഞാന്‍: മണക്കാട്ഡ്രൈവര്‍:20 രൂപയാകും
ഞാന്‍: 15 അല്ലേ ആകൂ
ഡ്രൈവര്‍:എങ്കില്‍ വേറെ വണ്ടി നോക്കൂ, ഒന്നാമത് മഴ....
പ്രസാദ്: 20 കൊടുക്കാടേ.... വാ.... കയറൂ
വണ്ടി വിട്ടതും പ്രസാദ് വീണ്ടും പ്രഭാഷണം തുടങ്ങി.
ഒരു ബാറില്‍ പോയാല്‍ നീ 25 രൂപ ടിപ്പ് കൊടുക്കും, സല്യൂട്ട് അടിക്കുന്ന സെക്യൂരിറ്റിക്ക് 10 രൂപ കൊടുക്കും, സിഗരറ്റ് വലിച്ച് ദിവസം 35 രൂപ കളയും, പക്ഷെ ഒരു ഓട്ടോ തൊഴിലാളിക്ക് 5 രൂപ കൊടുക്കാന്‍ മടിക്കുന്നു. ഇവര്‍ക്കും മനുഷ്യരെപ്പോലെ ജീവിക്കേണ്ടേ? പണമുണ്ടായിരുന്നെങ്കില്‍ ഇയാള്‍ നിന്നെപ്പോലെ ജീവിക്കും. മനുഷ്യര്‍ എല്ലാവരും കഴിവുള്ളവരാണു. സാമ്പത്തിക അന്തരം ഇല്ലാതാക്കി മൂലധനം എല്ലാവര്‍ക്കും തുല്യമായി അവകാശപ്പെട്ടതാവണം എന്നാണു നമ്മുടെ പാര്‍ട്ടിയുടെ കാഴ്ചപ്പാട്.
അല്‍പം മുന്‍പു പറഞ്ഞതിനു വിരുദ്ധമായല്ലേ ഇയാളീ പറയുന്നത് എന്ന്‍ കണ്‍ഫ്യൂഷനില്‍ ഞാനിരിക്കെ വണ്ടി നിര്‍ത്തി. ഞാന്‍ ഇറങ്ങി 20 രൂപ കൊടുത്തു. ഡ്രൈവര്‍ 5 രൂപ തിരികെ തന്നു. 20 ആല്ലേ ഇയാള്‍ ചോദിച്ചത് എന്ന മട്ടില്‍ ഞാന്‍ അയാളെ നോക്കിയപ്പോള്‍, പ്രസാദിനെ ചൂണ്ടി ഡ്രൈവര്‍ പറഞ്ഞു
"സാറിനെപ്പോലെ നല്ല മനുഷ്യരോട് ഞാന്‍ അധികം പൈസ വാങ്ങില്ല""
അതു സാരമില്ല" എന്നു പറഞ്ഞ് ഞാന്‍ 5 രൂപ തിരികെ കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ "അതിങ്ങു തരൂ" എന്നു പറഞ്ഞ് പ്രസാദ് വാങ്ങി. വണ്ടിവിട്ടപ്പോള്‍ ഞാന്‍ ചോദിച്ചു
"ഓട്ടോക്കാരനു ഞാന്‍ കൊടുത്ത 5 രൂപ നിങ്ങള്‍ തട്ടിപ്പറിച്ചത് മോശമായിപ്പോയി"
"തട്ടിപ്പറിച്ചെന്നോ? ഇത് ഞാന്‍ അദ്ധ്വാനിച്ച് നേടിയതാണ്. വണ്ടിയില്‍ ഇരുന്ന്‍ സോഷ്യലിസം പറഞ്ഞ് ഞാന്‍ അയാളെ ഇമ്പ്രസ്സ് ചെയ്തതിനാലാണ് 5 രൂപ നമുക്ക് തിരികെ കിട്ടിയത്"
ഞാന്‍: "നിങ്ങള്‍ കോഫീ ഷോപ്പില്‍ ഇരുന്ന്‍ ഒന്നു പറഞ്ഞു, വണ്ടിയില്‍ ഇരുന്ന്‍ വേറൊന്ന്‍, ഇപ്പൊ മറ്റോന്ന്‍. ഒരു ആശയത്തിലും നിങ്ങള്‍ ഉറയ്ക്കുന്നില്ല."
പ്രസാദ്: "ആശയം" അത് ചിന്താശേഷിയില്ലാത്തവരുടെ തലയില്‍ കുത്തിവെക്കാനുള്ള മരുന്നാണു മിസ്റ്റര്‍....... ബൈബിളും ഗീതയും ഖുറാനും കമ്മ്യൂണിസവും കുത്തിവെച്ച് എത്രയോ വ്യക്തികളും പ്രസ്ഥാനങ്ങളും കാശുണ്ടാക്കി......മനുഷ്യര്‍ മതം മാറുന്നു, പാര്‍ട്ടി മാറുന്നു, വശ്വാസി യുക്തിവാദിയായും തിരിച്ചും മാറുന്നു.... പ്രാര്‍ഥിക്കാന്‍ എന്തെളുപ്പം, പ്രവര്‍ത്തിക്കാന്‍ അല്ലേ ബുദ്ധിമുട്ട്....... കഴിവില്ലാത്തവരെ, കഷ്ടപ്പാടുള്ളവരെ, ചിന്താശേഷിയില്ലാത്തവരെ ആശയങ്ങള്‍ കൊടുത്ത് പ്രലോഭിപ്പിക്കുക...... അവരില്‍ നിന്നും പണം പിരിക്കുക... അവരെ മുന്നില്‍ നിര്‍ത്തി സംഘബലം കാണിച്ച് സര്‍ക്കാരിനെ വരുതിയില്‍ നിര്‍ത്തുക...... അവരുടെ ദൈന്യത മാര്‍ക്കറ്റ് ചെയ്ത് പണം വാരുക..... ഇത് തലമുറകളായി നമ്മുടെ സമൂഹത്തില്‍ നടക്കുന്നു.........
അതല്ലേ പാര്‍ട്ടിയും ബിഷപ്പുമാരുമായി ഈ വഴക്ക്.......... വിരുദ്ധ ആശയങ്ങള്‍ വെച്ച് ഒരേ ബിസിനസ്സ് ചെയ്യുന്ന രണ്ട് പ്രസ്ഥാനങ്ങള്‍.... രണ്ടു കൂട്ടര്‍ക്കും അണികളുടെ എണ്ണം കൂടുന്നത് കൂടുതല്‍ പണവും സ്വാധീനവും നേടാനുള്ള അടിസ്ഥാന മാര്‍ഗ്ഗമാണ്. അവര്‍ക്ക് അവരുടെ ആശയങ്ങളില്‍ ആളുകള്‍ വിശ്വസിച്ചാല്‍ മാത്രം പോര. അവരുടെ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്ന്‍ പണം കൊടുക്കുകയും തെരുവില്‍ പോരിനു ഇറങ്ങുകയും വേണം.
ശരിക്കും ഇവിടെ നടക്കുന്നത് രണ്ട് കോര്‍പ്പറേറ്റുകളുടെ "ബിസിനസ്സ് വാര്‍" ആല്ലേ?
എന്നെ ആലോചിക്കാന്‍ വിട്ടിട്ട്, സോഷ്യലിസം പ്രസംഗിച്ചു കിട്ടിയ 5 രൂപയുമായി ഒരു വില്‍സ് വാങ്ങി ആത്മാവിനു പുക കൊടുക്കാന്‍ പ്രസാദ് കടയിലേക്ക് പോയി.
നോട്ട്:
സാമൂഹ്യ പുരോഗതിക്കും ചിട്ടകള്‍ക്കും സംസ്കാരത്തിനും അടിസ്ഥാനമായത് ദൈവശാസ്ത്രവും സോഷ്യലിസവും ഉള്‍പ്പെടെയുള്ള മഹത്തായ ആശയങ്ങളാണ്. പക്ഷെ ആശയം വിറ്റ് ആമാശയം നിറയ്ക്കുന്നവരെയല്ല ഒരു സമൂഹത്തിനാവശ്യം, ചിന്തകള്‍ ഉണര്‍ത്തുകയും വര്‍ണ-വര്‍ഗ്ഗ്-മത പരിഗണനകളില്ലാതെ മനുഷ്യരാശിയുടെ മുഴുവന്‍ പുരോഗതിക്കും ഉതകുന്ന പാതകള്‍ വെട്ടിത്തുറക്കുന്ന നായകന്മാരെയും ചിന്തിക്കുന്ന ജനങ്ങളെയുമാണ്.
Tuesday, June 23, 2009
Subscribe to:
Posts (Atom)