Saturday, April 4, 2009

പി കെ ബിജു (ഇലക്ഷന്‍ കളക്ഷന്‍-6)

1989-ല്‍ കോട്ടയം ജില്ലയില്‍ മാന്നാനം കെ.ഇ കോളേജിലെ പ്രീഡിഗ്രീ ബാച്ചിലെ പിന്‍ബഞ്ചുകാരില്‍ ഒരു സാധാരണക്കാരനായിരുന്നു ആലത്തൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ശ്രീ. പി.കെ.ബിജു. അസാമാന്യമായ നേതൃത്വപാടവം ആ യുവാവില്‍ അന്നേ എനിക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നു. ബിജു എന്ന യുവാവില്‍ അന്തര്‍ലീനമായിരുന്ന കഴിവുകള്‍ മനസ്സിലാക്കിയ പാര്‍ട്ടി എസ്.എഫ്.ഐ നേതൃത്വത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. പക്ഷെ പെട്ടന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് എടുത്തുചാടാന്‍ ബിജു കൂട്ടാക്കിയില്ല. സമൂഹത്തിലെ അവഗണിക്കപ്പെട്ട വിഭാഗത്തിനായി പ്രവര്‍ത്തിക്കാനായിരുന്നു ബിജുവിനു താല്പര്യം. പാവപ്പെട്ടവരോടും ആലംബഹീനരോടും അടുക്കാനും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാനും ബിജു എന്നും മുന്നില്‍ ഉണ്ടായിരുന്നു. അനീതിയെവിടെയുണ്ടായാലും പ്രതികരിക്കുന്ന ബിജു ക്രമേണ നാട്ടുകാരുടെ പ്രതീക്ഷയായി മാറി. താന്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങളോട് യോജിക്കുന്ന പാര്‍ട്ടി എന്ന നിലയിലാണു ബിജു ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ആകുന്നത്.
കളങ്കമില്ലാത്തതും ആത്മാര്‍ഥതയുള്ളതുമായ ബിജുവിലെ പ്രവര്‍ത്തകനു മുന്നീല്‍ പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ വന്നു ചേരുകയായിരുന്നു. ഒരിക്കല്‍ നാട്ടിലെ ഒരു നമ്പൂതിരിക്കുട്ടി വഴിയില്‍ ഇരുന്നു കരയുന്നത് ബിജു കണ്ടു. ഒരുകാലത്ത് നാടുവാനിരുന്ന മനയ്ക്കലെ ആ കുട്ടി ദാരിദ്ര്യം മൂലം പരീക്ഷാ ഫീസ് അടയ്ക്കാന്‍ പണമില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു. കോളേജില്‍ നിന്നും പട്ടികവിഭാഗക്കാര്‍ക്കുള്ള സ്റ്റൈഫന്‍റ്റ് ബിജുവിനും കിട്ടുമായിരുന്നു. ആ പണത്തില്‍ ഒരു ഭാഗം ഈ നമ്പൂതിരിക്കുട്ടിയെ സഹായീക്കാന്‍ ബിജു ഉപയോഗിച്ചു. അതോടെ ബ്രാഹ്മണര്‍ പോലും ജാതി വിത്യാസം മറന്ന് ബിജുവിനെ അഭിനന്ദിച്ചു. .......................

ബിജു വിജയിച്ചാല്‍ മേല്‍ പറഞ്ഞ രീതിയില്‍ ഒരു റിപ്പോര്‍ട്ട് മനോരമയില്‍ പ്രതീക്ഷിക്കാം. പക്ഷെ ഞാന്‍ ഇങ്ങനെ ഒരു കെട്ടുകഥ ചമച്ചാല്‍, ‍ രണ്ടുവര്‍ഷം ഒരേ ക്ലാസ്സിലിരുന്നിരുന്നു എന്ന സ്നേഹം പോലൂം മറന്ന് ബിജു എന്നെ വീട്ടില്‍ വന്നു തല്ലും.......

പ്രീയപ്പെട്ട വായനക്കാരേ........ 1989-ഇല്‍ ബിജു ഒരു ഇടതുപക്ഷ അനുഭാവിയായ ഒരു വിദ്യാര്‍ഥിയായിരുന്നു. സാഹചര്യങ്ങള്‍ പാര്‍ട്ടി ബന്ധം വളരാനും, കഴിവുറ്റ പ്രവര്‍ത്തനം ക്രമേണ നേതൃത്വത്തില്‍‍ എത്താനും ഇടയാക്കി. അയാള്‍ കഴിവുള്ള ഒരു ചെറുപ്പക്കാരനാണ്. പട്ടിണി കിടന്നിട്ടില്ലെങ്കിലും ജീവിത ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്. എളിമയും വിനയവും ഉള്ളവനും സൌഹൃദം കാത്തു സൂക്ഷിക്കുന്നവനുമാണ്. താമസിയാതെ ഒരു ഡോക്ടറേറ്റ് ലഭിക്കുകായും ചെയ്യും. ബിജു വിജയിക്കണം എന്നാഗ്രഹിക്കാന്‍ എനിക്ക് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. 1) ഉന്നത വിദ്യാഭ്യാസം ഉണ്ട് 2) സ്വഭാവ ഗുണം ഉണ്ട്

ബിജുവിനെപ്പോലെയുള്ളവര്‍ വിജയിച്ചില്ലെങ്കില്‍ നാളത്തെ നമ്മുടെ രാഷ്ട്രീയ നേതൃത്വം കാലുനക്കികളുടെയും, മതമേലദ്ധ്യക്ഷന്മാരൊ തീവ്രവാദികളോ പിന്തുണയ്ക്കുന്നവരുടെയും, മക്കള്‍ രാഷ്ട്രീയത്തിലൂടെ കടന്നു വരുന്ന മന്ദബുദ്ധികളുടെയും മാത്രമായിമാറും. ആലത്തൂരിലെ ജനങ്ങള്‍ ഇത് മനസ്സിലാക്കണം..........